ബോക്സിങ് ഇതിഹാസം മേരി കോമിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. മുൻ ഭർത്താവ് കരുങ് ഓംഖോലറിനെ (ഓൺലർ) കുറിച്ചുള്ള പരാമർശങ്ങള്‍ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി മനോജ് തിവാരി രംഗത്തെത്തിയത്. മേരികോമിന്‍റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍താരം എന്ന നിലയ്ക്ക് എനിക്കറിയാം, സപ്പോര്‍ട്ട് സിസ്റ്റം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. മേരി കോമിനെ സംബന്ധിച്ചിടത്തോളം അവരുടെ യാത്രയില്‍ ഭര്‍ത്താവ് ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. കരിയറിൽ ഭർത്താവിന്‍റെ പിന്തുണയെ പറ്റിയും, കുട്ടികളെയും വീട്ടു കാര്യങ്ങളും അദ്ദേഹം നോക്കിയിരുതിനെയും പറ്റി മേരി കോം തന്നെ മുന്‍പ് സംസാരിച്ചിട്ടുണ്ട്. ഒരു കായികതാരത്തിന്‍റെ വിജയം ഒരു ടീം വർക്കാണെന്നും, ഓൺലറുടെ മാനസികാവസ്ഥയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ അധികം വൈകാതെ ഇദ്ദേഹം ഈ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
മുന്‍ഭര്‍ത്താവ് ഒരു നയാ പൈസ പോലും സമ്പാദിച്ചിട്ടില്ലെന്നും എന്ത് ത്യാഗമാണ് നടത്തിയതെന്നുമാണ് മേരി കോം പറഞ്ഞത്. വീടിന്റെ ഏക വരുമാനസ്രോതസ് താനായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുക മാത്രമാണ് ഓണ്‍ലെര്‍ ചെയ്തതെന്നും മേരി കോം ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ കുടുംബത്തിനു വേണ്ടി റിങ്ങില്‍ കഠിനാധ്വാനം ചെയ്തപ്പോള്‍ അയാള്‍ തന്റെ അക്കൗണ്ട് കാലിയാക്കിയെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒരു മികച്ച ബോക്സര്‍ ആകാനുള്ള മേരിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ താന്‍ കരിയര്‍ ഉപേക്ഷിച്ചുവെന്നായിരുന്നു ഓണ്‍ലറിന്‍റെ പ്രതികരണം. വിവാഹം കഴിക്കുമ്പോൾ താൻ ഷില്ലോങ്ങിലെ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റില്‍ കരാർ അടിസ്ഥാനത്തിൽ ഫുട്ബോൾ കളിക്കാരനായിരുന്നുവെന്നും യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നെന്നും ഓണ്‍ലെര്‍ പറയുന്നു.
‘എന്റെ കരിയർ ഉപേക്ഷിച്ച് അവളെ പിന്തുണച്ചു, കുട്ടികളെ വളർത്താൻ എന്നോട് പറഞ്ഞു, ആഴ്ചകളും മാസങ്ങളും അവൾ പുറത്തായിരുന്നു. ഞാൻ കുട്ടികളെ വളർത്തി, കുളിപ്പിച്ചു, ഭക്ഷണം നൽകി, കോച്ചിങ്ങിനു കൊണ്ടുപോയി, വീട്ടുജോലികൾ ചെയ്തു. പരമ്പരാഗതമായ രീതിയിലുള്ള ദാമ്പത്യമായിരുന്നില്ലെന്നും അവളാണ് ജോലിക്കു പോയതെന്നും അത് പക്ഷേ അവളുടെ പണത്തോടുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് സ്നേഹം കൊണ്ടാണെന്നും ഓണ്‍ലെര്‍ പറഞ്ഞു.