Image Credit:
ഒളിംപ്യനും ഇന്ത്യയുടെ അഭിമാനതാരവുമായ മേരി കോമിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ് കരുങ് ഒണ്‍ലര്‍. വിവാഹബന്ധം വേര്‍പെടുത്തി മൂന്നാം വര്‍ഷമാണ് മേരി കോമിന്‍റെ വഴിവിട്ട പ്രണയബന്ധങ്ങളാണ് തങ്ങളുടെ കുടുംബ ജീവിതം തകര്‍ത്തതെന്ന് ഒണ്‍ലര്‍ പറയുന്നത്. 2005 ല്‍ വിവാഹിതരായ ഇരുവരും 2023ല്‍ ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ നാലുമക്കളുമുണ്ട്. ഇയാന്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഒണ്‍ലറുടെ തുറന്നുപറച്ചില്‍.
ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണത് പത്തുവര്‍ഷം മുന്‍പാണെന്ന് ഒണ്‍ലര്‍ പറയുന്നു. ജൂനിയര്‍ ബോക്സറുമായി 2013ല്‍ മേരിക്ക് പ്രണയബന്ധമുണ്ടായി. ഇത് കുടുംബത്തില്‍ വലിയ പ്രശ്നമുണ്ടാക്കി. വഴക്കിനും ബഹളത്തിനും കുടുംബാംഗങ്ങളുടെ ഇടപെടലിനുമെല്ലാമൊടുവില്‍ മേരി ആ ബന്ധം അവസാനിപ്പിക്കുകയും കുടുംബവുമായി മുന്നോട്ട് പോകുകയും ചെയ്തുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ 'മേരി കോം ബോക്സിങ് അക്കാദമി'യിലെ മറ്റൊരാളുമായി 2017 ആയപ്പോള്‍ മേരി വീണ്ടും പ്രണയത്തിലായെന്നും ഇരുവരും തമ്മില്‍ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളടക്കം തന്‍റെ പക്കല്‍ തെളിവായി ഉണ്ടെന്നും ഒണ്‍ലര്‍ പറയുന്നു. എന്നിട്ടും താന്‍ വഴക്കിനോ ബഹളത്തിനോ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' തനിച്ച് ജീവിക്കാനും മറ്റൊരു ബന്ധം തുടരാനുമായിരുന്നു മേരിക്ക് ആഗ്രഹം. ഞങ്ങള്‍ പിരിഞ്ഞു. മേരി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അത് എന്നെ പഴിചാരിയിട്ടാവരുത്. തെളിവുകള്‍ കൊണ്ടുവരൂ. രേഖകള്‍ കാണിക്കൂ. എനിക്കറിയാം മേരി കോം എവിടെയാണെന്നും ആര്‍ക്കൊപ്പമാണ് കഴിയുന്നതെന്നും'- ഒണ്‍ലര്‍ പറയുന്നു.
താന്‍ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന മേരി കോമിന്‍റെ ആരോപണവും ഒണ്‍ലര്‍ തള്ളി. 'അഞ്ചു കോടി രൂപ ഞാന്‍ തട്ടിയെടുത്തുവെന്നാണ് മേരി ഇപ്പോള്‍ പറയുന്നത്. എന്‍റെ അക്കൗണ്ട് പരിശോധിക്കൂ. വസ്തുവകകളില്‍ നിന്ന് എന്‍റെ പേര് ഒഴിവാക്കണമെന്നും പറയുന്നുണ്ട്. പതിനെട്ട് വര്‍ഷമാണ് ഒന്നിച്ച് കഴിഞ്ഞത്. എന്നിട്ടാണ് ഇങ്ങനെയൊക്കെ. മേരിക്ക് ഭ്രാന്താണ്. 18 വര്‍ഷം ഞാന്‍ മേരിക്കൊപ്പം ജീവിച്ചു. എന്താണ് എനിക്കുള്ളത്? എന്‍റെ വീട് നോക്കൂ. ഡല്‍ഹിയില്‍ ഒരു വാടക വീട്ടിലാണ് ഞാന്‍ കഴിയുന്നത്. മേരി ഒരു സെലിബ്രിറ്റിയാണ്. എന്ത് പറഞ്ഞാലും കുറേപ്പേര്‍ കേള്‍ക്കും, വിശ്വസിക്കും. കുറേപ്പേര്‍ വിശ്വസിക്കില്ല'- ഒണ്‍ലര്‍ കൂട്ടിച്ചേര്‍ത്തു.
കോടികള്‍ വില വരുന്ന രണ്ട് വസ്തുക്കള്‍ ഓണ്‍ലര്‍ കൈവശമാക്കിയെന്നായിരുന്നു മേരിയുടെ ആരോപണം. എല്ലാ ആരോപണങ്ങള്‍ക്കും തെളിവ് കൊണ്ടുവരണമെന്നും ഓണ്‍ലര്‍ മേരി കോമിനെ വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ ചെലവഴിച്ച പണത്തിന്‍റെ കണക്കാണിപ്പോള്‍ പറയുന്നത്. തന്‍റെ സുഹൃത്തുക്കളില്‍ നിന്നുവരെ പണം കടംവാങ്ങിയാണ് ചെലവഴിച്ചത് എന്നും ഒണ്‍ലര്‍ കൂട്ടിച്ചേര്‍ത്തു. മേരി കോമിനോട് തനിക്ക് ക്ഷമിക്കാന്‍ കഴിയും പക്ഷേ ചെയ്തതൊന്നും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഉപയോഗിച്ച് വലിച്ചെറിയുക എന്നൊക്കെ പറയില്ലേ? എന്നോട് അതാണ് മേരി ചെയ്തത്. മേരിയുടെ അക്കാദമിക്ക് വേണ്ടി ഓടി നടന്നത്, റജിസ്റ്റര്‍ ചെയ്തത് ഇതെല്ലാം ആരാണ്? ഇപ്പോള്‍ മറ്റൊരാളാണ് അതിന്‍റെ ചെയര്‍മാന്‍. പേരൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മേരി ചെയ്തതാണ് എനിക്ക് സങ്കടമുണ്ടാക്കിയത്. 2013 മുതല്‍ ഞങ്ങള്‍ ഡല്‍ഹിയിലാണ്. എന്‍റെ ആണ്‍മക്കള്‍ ബോര്‍ഡിങ് സ്കൂളിലാണ്. അവളാണ് അധ്വാനിച്ച് പണം സമ്പാദിച്ചത്. പക്ഷേ ഈ കുഞ്ഞുങ്ങളെ വളര്‍ത്തിയത് ആരാണ്? മക്കളെ ഞാന്‍ ഹോസ്റ്റലില്‍ പോയി കാണുന്നതിനെ എതിര്‍ക്കുകയാണിപ്പോള്‍. അവര്‍ എന്‍റെയും മക്കളല്ലേ? ആരും പെര്‍ഫെക്ട് ഒന്നുമല്ല. ഞാന്‍ മദ്യപിക്കുമെന്നാണ് മേരി പറയുന്നത്. അവരും കുടിക്കും. ഗുട്ക ഉപയോഗിക്കും. ഇതൊന്നും ഞാന്‍ ആരോടും പറയാന്‍ വരുന്നില്ല. വല്ലപ്പോഴും പാര്‍ട്ടിക്ക് പോകുമ്പോഴാണ് ഞാന്‍ മദ്യപിക്കുക'- ഒണ്‍ലര്‍ പറയുന്നു.