TOPICS COVERED

സ്റ്റേറ്റ് ലെവല്‍ ബോക്സിങ് ചാംപ്യനായി എന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം യൂട്യൂബര്‍ മുഹമ്മദ് ഷഹീന്‍ രംഗത്തെത്തിയിരുന്നു. മണവാളന്‍ എന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് വിഡിയോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് എത്തിയത്. എന്നാല്‍ ഇത്  വ്യാജമാണെന്ന് വിമര്‍ശിച്ചും സൗഹൃദമല്‍സരത്തിന് വെല്ലുവിളിച്ചും മണവാളനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോക്​സര്‍ അഫ്​സല്‍ ഷാ. ഇത്തരമൊരു മല്‍സരത്തെ പറ്റി താന്‍ അറിഞ്ഞിട്ടേയില്ലെന്നും ധൈര്യമുണ്ടെങ്കില്‍ പറയുന്ന സ്ഥലത്തേക്ക് താന്‍ മല്‍സരത്തിനായി വരുമെന്നുമാണ് അഫ്സല്‍ ഷാ പറഞ്ഞത്. 

'മണവാളന്‍റെ ഒരു ഫൈറ്റിങ് വിഡിയോ കണ്ടു. സ്റ്റേറ്റ് മല്‍സരം ആണെന്ന് പറ‍ഞ്ഞാണ് പോസ്റ്റ് പങ്കുവച്ചിരുന്നത്. എംഎംഎ ഫൈറ്റ് ഒരിക്കലും അങ്ങനെ വരില്ല. ഏതോ ബംഗാളിയെ 500 രൂപയും ചായയും വാങ്ങികൊടുത്ത് വിളിച്ചത് പോലെയാണ് തോന്നിയത്. ഫേക്ക് ആണെന്ന് കുറച്ചു പേര് കമന്‍റ് ചെയ്​തു. സംസ്ഥാന തലത്തേക്ക് പോകുമ്പോള്‍ വെയ്റ്റ് കാറ്റഗറി അനുസരിച്ച് ഒരേ വെയ്റ്റുള്ള മൂന്നോ നാലോ പേര് കാണും. ഇത് വെറുതെ പോയി സ്റ്റേറ്റ് പ്രൈസ് എടുത്തുകൊടുക്കുന്നു. 

ഇവിടെ പ്രാക്ടീസ് ചെയ്യുന്നവന്മാരെന്താ പൊട്ടന്മാരോ? മണവാളാ ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു, ഒരു ഓപ്പണ്‍ ഫ്രണ്ട്​ലി മാച്ചിന്. നീ എന്നോട് ഫൈറ്റ് ചെയ്യുമോ? നീ പറയുന്ന സ്ഥലത്ത് ഞാന്‍ വരും. ഞങ്ങളുടെ ഇടയിലൊന്നും ഇങ്ങനെ ഒരു ഫൈറ്റിന്‍റെ കാര്യം ആരും പറഞ്ഞിട്ടില്ല. ഇത് ഫേക്കാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാണേലും ഞാന്‍ തയാറാണ്. എന്‍റെ ചലഞ്ച് സ്വീകരിക്കാന്‍ തയാറാണെങ്കില്‍ നീ വാ,' സമൂഹമാധ്യമത്തില്‍ പങ്കുവച്ച് വിഡിയോയില്‍ അഫ്സല്‍ ഷാ പറഞ്ഞു. 

മണവാളനോട് മല്‍സരിച്ച യുവാവിന്‍റേതെന്ന് അവകാശപ്പെട്ട ഒരു ശബ്ദസന്ദേശവും അഫ്സല്‍ പങ്കുവച്ചിട്ടുണ്ട്. മണവാളന്‍റേത് സ്റ്റേറ്റ് മല്‍സരല്ലെന്നും താന്‍ ആദ്യമായാണ് റിങ്ങില്‍ കയറുന്നതെന്നുമാണ് യുവാവ് ശബ്ദ സന്ദേശത്തില്‍ പറയുന്നു. 'മൂന്ന് മാസമേ ആയുള്ളു പരിശീലനം തുടങ്ങിയിട്ട്. സ്റ്റേജ് ഫിയറൊക്കെ മാറും, ഒന്ന് വാ എന്നൊക്കെ കോച്ച് പറഞ്ഞിട്ടാണ് ഞാന്‍ റിങ്ങില്‍ ഇറങ്ങിയത്. എനിക്ക് 30 വയസുണ്ട്. അതുകൊണ്ട് സ്പെഷല്‍ കാറ്റഗറിയായിരുന്നു. 40 വയസുള്ള ഒരു ഡോക്​ടര്‍ കൂടി മല്‍സരത്തിനുണ്ടായിരുന്നു. അതിനിടയ്​ക്ക് മണവാളന്‍ എങ്ങനെ വന്നു എന്ന് അറിയില്ല. ഇത് സ്റ്റേറ്റ് മല്‍സരമൊന്നുമല്ല. ഇവന്‍ ഇത്രയും ഷോ കാണിക്കുമെന്ന് വിചാരിച്ചതല്ല,' യുവാവ് പറഞ്ഞു. 

സ്റ്റേറ്റ് മല്‍സരമെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന മണവാളന്‍റെ വിഡിയോക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന് വിചാരിച്ച് ആളുകളെ പറ്റിക്കരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 

ENGLISH SUMMARY:

Boxing challenge is the main topic. A YouTuber claimed to be a state-level boxing champion, which has been challenged by boxer Afzal Shah, who alleges the claim is fake and has offered a friendly match.