ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസവും മുൻ ലോക ചാമ്പ്യനുമായ റിക്കി ഹാറ്റൺ (46) അന്തരിച്ചു. മാഞ്ചസ്റ്ററിനടുത്തുള്ള ഹൈഡിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതകളില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.
പ്രൊഫഷണൽ കരിയറിൽ 48 മത്സരങ്ങളിൽ പങ്കെടുത്ത ഹാറ്റൺ 45 എണ്ണത്തിലും വിജയിച്ചു. IBF, WBA ലൈറ്റ്-വെൽറ്റർവെയ്റ്റ്, വെൽറ്റർവെയ്റ്റ് കിരീടങ്ങൾ നേടി. 2005-ൽ ഓസ്ട്രേലിയൻ താരം കോസ്ത്യ സ്യൂവിനെ തോൽപ്പിച്ച് WBU ബെൽറ്റിനൊപ്പം IBF ലൈറ്റ്-വെൽറ്റർവെയ്റ്റ് കിരീടവും സ്വന്തമാക്കി. ഫ്ലോയ്ഡ് മെയ്‌വെതർ ജൂനിയർ, മാണി പാക്വിയോ തുടങ്ങിയ ഇതിഹാസ താരങ്ങളുമായി അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്.
2012-ൽ കരിയറിൽ നിന്ന് വിരമിച്ച ഹാറ്റൺ വിഷാദം, മദ്യപാനം, മയക്കുമരുന്ന് എന്നിവയുമായി താൻ പോരാടിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. പല തവണ ആത്മഹത്യക്ക് ശ്രമിച്ചതായും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഈ വർഷം ഡിസംബറിൽ ദുബായിൽ ഒരു മത്സരത്തിലൂടെ ബോക്സിങ് റിങ്ങിലേക്ക് തിരിച്ചുവരവ് നടത്താൻ അദ്ദേഹം ഒരുങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിത മരണം.