തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കേ ആരോഗ്യവകുപ്പിന്‍റെ വീഴ്ചകളും വിവാദങ്ങളും സര്‍ക്കാരിനും എല്‍ഡിഎഫിനും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. അതിനെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ‘ആക്രമിച്ചെ’ന്ന പരാതി. ഈ വിവാദത്തില്‍ മന്ത്രിക്കെതിരെ വന്ന ട്രോളുകള്‍ക്ക് കയ്യും കണക്കുമില്ല. ഒടുവില്‍ ആശുപത്രി വിട്ടശേഷവും ‘ആക്രമണ’വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി. ശരിക്കും പ്രതിഷേധം അതിരുവിട്ടോ? വോട്ടര്‍മാര്‍ കരുതുന്നതെന്താണ്? മനോരമന്യൂസ് – സി വോട്ടര്‍ സ്നാപ് പോളില്‍ ഈ വിഷയം ചര്‍ച്ചയായി.
മന്ത്രിക്കെതിരെ ഉണ്ടായത് അതിരുവിട്ട പ്രതിഷേധമല്ല എന്നാണ് സ്നാപ് പോളില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം. 55.4 ശതമാനം പേര്‍ ഈ നിലപാടുകാരാണ്. എന്നാല്‍ അതിരുവിട്ട പ്രതിഷേധമാണ് കണ്ണൂരില്‍ നടന്നതെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം അത്ര കുറവാണെന്നും പറയാന്‍ കഴിയില്ല. 32.8 ശതമാനം പേര്‍ പ്രതിഷേധ അതിരുവിട്ടു എന്ന് കരുതുന്നു. 11.8 ശതമാനം അഭിപ്രായമില്ല എന്നും രേഖപ്പെടുത്തി.
‘ആരോഗ്യവകുപ്പില്‍ വീഴ്ചകള്‍ കൂടുന്നോ?’ എന്ന ചോദ്യവും ‘ഇലക്ഷന്‍ പള്‍സ്’ സ്നാപ് പോളില്‍ ഉന്നയിച്ചു. 59.5 ശതമാനം പേരും വീഴ്ചകള്‍ വര്‍ധിക്കുന്നു എന്ന നിലപാടുകാരാണ്. ‘ഒറ്റപ്പെട്ട’ സംഭവങ്ങളുടെ എണ്ണം കൂടുന്നതിന്‍റെ സ്വാധീനമാകാം ഇത്. വീഴ്ചകള്‍ വര്‍ധിച്ചിട്ടില്ല എന്ന് കരുതുന്നത് 35.5 ശതമാനം പേരാണ്. 5.1 ശതമാനം പ്രത്യേകിച്ച് നിലപാടെടുത്തില്ല.
ഫെബ്രുവരി 27, 28 തീയതികളിലാണ് സ്നാപ് പോളും ഇലക്ഷന്‍ ട്രാക്കര്‍ അഭിപ്രായസര്‍വേയും സംഘടിപ്പിച്ചത്. ഇലക്ഷന്‍ ട്രാക്കറില്‍ 8598 പേരും സ്നാപ് പോളില്‍ 1348 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച തുടര്‍സര്‍വേയുടെ നാലാം ഭാഗമായിരുന്നു ഇത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളുമാണ് സര്‍വേയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെയും വീക്‌ലി റേറ്റിങ്ങും മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ എല്ലാ ആഴ്ചയും അറിയാം.