നിയമസഭാതിരഞ്ഞെടുപ്പില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും സ്വാധീനം നിലനിര്‍ത്താനും വിപുലപ്പെടുത്താനുമുള്ള അടിയന്തര നീക്കങ്ങളിലാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം അതെല്ലാം പ്രതിഫലിക്കുകയും ചെയ്യും. അതിന്റെ ഭാഗമായിത്തന്നെയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ച് പരസ്യപ്പെടുത്തിയത്. ക്രൈസ്തവരുടെ സംവരണം മുതല്‍ പെണ്‍കുട്ടികളുടെ മതപരിവര്‍ത്തനം തടയാനുള്ള പൊലീസ് ഇടപെടല്‍ വരെ ശുപാര്‍ശകളിലുണ്ട്.
സര്‍ക്കാര്‍ നീക്കം ക്രൈസ്തവ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നറിയാന്‍ മനോരമന്യൂസ് അവര്‍ക്കരികിലെത്തി. മനോരമന്യൂസ് – സി വോട്ടര്‍ ഇലക്ഷന്‍ പള്‍സ് സര്‍വേയില്‍ വോട്ടര്‍മാരോട് ഇക്കാര്യം നേരിട്ട് ചോദിച്ചു. ‘ജെ.ബി.കോശി റിപ്പോര്‍ട്ട് ക്രിസ്ത്യന്‍ വോട്ടിനെ സ്വാധീനിക്കുമോ?’ എന്നായിരുന്നു ചോദ്യം. അതിനുള്ള മറുപടി സര്‍ക്കാരിനെ നിരാശപ്പെടുത്തുന്നതാകും. സര്‍വേയില്‍ പങ്കെടുത്ത 54.1 ശതമാനം പേരും ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് വോട്ട് തീരുമാനിക്കുമ്പോള്‍ സ്വാധീനം ചെലുത്തില്ല എന്നാണ് പറഞ്ഞത്. സ്വാധീനിക്കുമെന്ന് 24.3 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 21.6 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയതുമില്ല.
ഫെബ്രുവരി 27, 28 തീയതികളിലാണ് സ്നാപ് പോളും ഇലക്ഷന്‍ ട്രാക്കര്‍ അഭിപ്രായസര്‍വേയും സംഘടിപ്പിച്ചത്. ഇലക്ഷന്‍ ട്രാക്കറില്‍ 8598 പേരും സ്നാപ് പോളില്‍ 1348 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച തുടര്‍സര്‍വേയുടെ നാലാം ഭാഗമായിരുന്നു ഇത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളുമാണ് സര്‍വേയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെയും വീക്‌ലി റേറ്റിങ്ങും മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ എല്ലാ ആഴ്ചയും അറിയാം.