'ന്യൂസ്മേക്കര്‍ 2019' പുരസ്കാരം ബൈജു രവീന്ദ്രന് എം.എ.യൂസഫലി സമ്മാനിച്ചു

മനോരമ ന്യൂസ്  ന്യൂസ്മേക്കര്‍ 2019 പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകന്‍  ബൈജു രവീന്ദ്രന് സമ്മാനിച്ചു. കോവിഡ് ജാഗ്രത പരിഗണിച്ച് ഓണ്‍ലൈനായി സംഘടിപ്പിച്ച  ചടങ്ങില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി പുരസ്കാരസമര്‍പ്പണം നിര്‍വഹിച്ചു. 

എജ്യുടെക് മേഖലയില്‍ ലോകത്തിലെതന്നെ  ഏറ്റവും മൂല്യമേറിയ കമ്പനിയായി ബൈജൂസ് ആപ്പിനെ മാറ്റിയ ബൈജു രവീന്ദ്രനെ മനോരമ ന്യൂസ് പ്രേക്ഷകര്‍ 2019ലെ വാര്‍ത്താതാരമായി തിരഞ്ഞെടുത്തിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പുരസ്കാരസമര്‍പ്പണം ഓണ്‍ലൈനായി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അബുദാബിയില്‍നിന്ന് പുരസ്കാരസമര്‍പ്പണം നിര്‍വഹിച്ചപ്പോള്‍ ബൈജു ബംഗളൂരുവിലിരുന്ന് പുരസ്കാരം സ്വീകരിച്ചു. 

ലോകത്തെ വന്‍കിട കമ്പനികളുടെ വന്‍നിക്ഷേപങ്ങള്‍ നേടുന്ന ബൈജൂസും ബൈജുവും മലയാളിയുടെ അഭിമാനമാണെന്ന് യൂസഫലി. ജനങ്ങളുടെ അംഗീകാരമായി ന്യൂസ്മേക്കര്‍ പുരസ്കാരം സ്വീകരിക്കുന്നുവെന്ന് ബൈജു രവീന്ദ്രന്‍. എജ്യുടെക് മേഖലയില്‍ ഇനിയുമേറെ മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്ററും എം.എം.ടി.വി ഡയറക്ടറുമായ ജയന്ത്് മാമ്മന്‍ മാത്യു, ന്യൂസ്മേക്കറിന്‍റെ മുഖ്യപ്രായോജകരായ കെ.എല്‍.എം.ആക്സിവ ഫിന്‍വെസ്റ്റിന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.