ആര് നേടും പാലായുടെ മനസ്സ്?; കണക്കുകളും സാധ്യതകളും

പാലായുടെ ജനവിധി നാളെ അറിയാം. മൂന്നാഴ്ചയിലേറെ നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ. പിന്നാലെ വോട്ടെടുപ്പ്. പാലാ നാളെ മനസു തുറക്കുന്നു. കാർമൽ പബ്ലിക് സ്കൂളിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്.14 ടേബിളുകളിലായി പതിമൂന്ന് റൗണ്ടാണ് വോട്ടെണ്ണലിനായി നിശ്ചയിച്ചിരിക്കുന്നത്.176 പോളിങ്ങ് ബൂത്തുകളിലെയും വോട്ടെണ്ണലിനു ശേഷം അഞ്ച് പോളിങ് സ്റ്റേഷനിലെ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തും. ഇവ ഏതൊക്കെയെന്ന് സ്ഥാനാർഥിയുടെയൊ ഏജന്റിന്റെയോ സാന്നിധ്യത്തിൽ നറുക്കിട്ട് തീരുമാനിക്കാം. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. ഒരു ലക്ഷത്തി ഇരുപത്തിയെഴായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് പേരാണ്  വോട്ടവകാശം വിനിയോഗിച്ചത്. ഇതിൽ  65233 പുരുഷൻമാരും 62706 സ്ത്രീകളുമാണുള്ളത്. 75.78 ശതമാനം രേഖപ്പെടുത്തിയ മീനച്ചിൽ പഞ്ചായത്തിലായിരുന്നു ഏറ്റവുമധികം പോളിങ്. മേലുകാവ് പഞ്ചായത്തിലായിരുന്നു ഏറ്റവും കുറഞ്ഞ  പോളിങ്. 66.78%.  2016ൽ പാലായിൽ 77.25 ആയിരുന്നു പോളിങ്. ലോക് സഭയിലെത്തിയപ്പോൾ ഇത് 72.68 ശതമാനമായി കുറഞ്ഞു.  അവസാന മണിക്കൂറുകളിലേക്കടുത്തതോടെ കണക്കിന്റെ കളികളിലാണ് മുന്നണികൾ. എത്ര കുറച്ചാലും അയ്യായിരമെങ്കിലും ഭൂരിപക്ഷമാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ. അതേ സമയം വോട്ടുചോർച്ച വ്യക്തമായതോടെ ബിജെപി ക്യാംപിൽ അടിതുടങ്ങി. ഏതായാലും കെ.എം.മാണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന്  പാലാ നൽകിയ ഉത്തരം അറിയാൻ ഒരു രാത്രിയുടെ അകലം മാത്രം.