മാറാതെ പാലായുടെ ‘മാണി’പ്രേമം; ചരിത്രമാറ്റത്തിലെ കൗതുകം

ഇത്രയും കാലം പാലാ എന്നാല്‍ മാണിയായിരുന്നു, മാണിയെന്നാല്‍ പാലായും. ഇത്തവണ കെ.എം.മാണി എന്ന കുത്തക തകര്‍ത്ത് ചരിത്രത്തിലേക്ക് നടന്നുകയറിയത് മറ്റൊരു മാണിയെന്നത് കൗതുകമായി. പാലാക്കാര്‍ ഹൃദയത്തില്‍ കൊത്തിവെച്ച പേരായിരുന്നു മാണി. 1965ല്‍ പാലാ മണ്ഡലം നിലവില്‍ വന്നത് മുതല്‍ കെ.എം മാണിയുടെ മരണം വരെ മറ്റൊരാളും പാലായില്‍ അധികാരത്തില്‍ എത്തിയിട്ടില്ല. കേരള കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കും ചിഹ്നത്തെച്ചൊല്ലിയുളള വടംവലിയുമൊക്കെ നടന്നപ്പോഴും പാലായിലെ ജനങ്ങള്‍ മാണിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാലായിലെ ജനങ്ങള്‍ മാണിക്കൊപ്പം തന്നെ നിന്നു, അത് മാണി.സി.കാപ്പന്‍ എന്ന പുതുമാണിക്കൊപ്പമാണെന്ന് മാത്രം.

പാലായില്‍ മാണി സി കാപ്പന്റെ നാലാമത്തെ സ്ഥാനാര്‍ഥിത്വമായിരുന്നു ഇത്തവണത്തേത്. മൂന്നുവട്ടവും പരാജയം രുചിച്ചത് കെ.എം.മാണിയുടെ എതിര്‍സ്ഥാനാര്‍ഥി എന്ന നിലയിലുമായിരുന്നു. 2006, 2011, 2016 എന്നീ വര്‍ഷങ്ങളില്‍ കെ.എം.മാണിയ്ക്ക് മുന്നില്‍ നിഷ്പ്രഭാനാകാനായിരുന്നു മാണി സി കാപ്പന്റെ യോഗം. എന്നാല്‍ 2016ലെ മാണിയുടെ വോട്ട് കുറയ്ക്കാന്‍ മാണി.സി.കാപ്പന് സാധിച്ചിരുന്നു. ആ ആത്മവിശ്വാസം മുതല്‍ക്കൂട്ടാക്കിയാണ് മാണി.സി.കാപ്പന്‍ വീണ്ടും പാലായിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ മല്‍സരിച്ചത്. 

പാലായിലെ ജനങ്ങള്‍ മാണിയുടെ പേരില്‍ തന്നെ ജയിപ്പിക്കും എന്നാണ് യുഡിഎഫ് സ്ഥാനാര്‍‍‍ഥി ജോസ് ടോം പ്രതികരിച്ചത്. ജനങ്ങള്‍ മാണിയെ തന്നെ ജയിപ്പിച്ചു, എന്നാല്‍ ജോസ് ടോം ഉദ്ദേശിച്ച മാണിയായിരുന്നില്ല എന്നുമാത്രം. പാലാ വീണ്ടും മാണിയുടെ കൈകളിലേക്ക് എത്തി.