മോഹിപ്പിച്ച് ജനക്ഷേമ സഖ്യം; തള്ളാനും കൊള്ളാനുമാകാതെ മുന്നണികള്‍; നിലപാടിന് കാത്തിരിപ്പ്

‍‍ഇരുമുന്നണികളെയും മോഹിപ്പിച്ച് തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടില്‍ ഉദ്വേഗം നിലനിര്‍ത്തുകയാണ് ജനക്ഷേമ സഖ്യം. നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ ജനക്ഷേമ സഖ്യത്തെ തള്ളാനും  കൊള്ളാനും ആകാത്ത സാഹചര്യത്തിലാണ് മുന്നണികള്‍. കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും, ജനക്ഷേമ സഖ്യം ഉപതിര‍ഞ്ഞെടുപ്പില്‍ നിര്‍ണായകമാകില്ലെന്ന മറുപടിയില്‍ ഒതുങ്ങുന്നു ഇടതുമുന്നണി. സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കുമെതിരെയുള്ള നിരന്തര വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ യു.ഡി.എഫും വോട്ടുപ്രതീക്ഷിക്കുന്നു.

ജനക്ഷേമ സഖ്യത്തന്റെത് പിന്തുണയോ മനസാക്ഷി വോട്ടോ എന്നതില്‍ തെളിമവരാത്ത സാഹചര്യത്തില്‍ ഇരുകൂട്ടരും പ്രതീക്ഷ വയ്ക്കുന്നു. ത‍ൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്  പറയുമ്പോള്‍ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നു മുന്നണികള്‍. തൃക്കാക്കരയിലെ നിലപാടും, തന്റെ വിമര്‍ശനവും ചേര്‍ത്തു വായിക്കേണ്ടെന്നും സാബു എം.ജേക്കബ് പറയുന്നുണ്ട്.

ശക്തമായ രാഷ്ട്രീയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ നാലാം മുന്നണി എന്നുപറഞ്ഞാല്‍ ഒന്നും നടക്കില്ല എന്നായിരുന്നുമന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. സമ്പത്തുകൊണ്ടു രാഷ്ട്രീയത്തെ കീഴടക്കാന്‍ പറ്റുമോ എന്ന ചോദ്യവും ജനക്ഷേമ സഖ്യത്തെക്കുറിച്ച്  ഉന്നയിക്കുന്നുണ്ടെങ്കിലും വോട്ട് പ്രതീക്ഷിക്കുന്നുണ്ട് ഇടതും.