തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഈ മാസം 31ന്; വോട്ടെണ്ണൽ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഈ മാസം 31ന്. വോട്ടെണ്ണൽ ജൂൺ 3ന്. പത്രിക നൽകാനുള്ള അവസാന തീയതി ഈ മാസം11നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി  പതിനാറുമാണ്. യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ്.

മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കൽ പോലും യുഡിഎഫിനെ കൈവിട്ടിട്ടില്ലാത്ത ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 2021ൽ എൽഡിഎഫ് തരംഗം സ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും പി.ടി.തോമസിലൂടെ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. ക്യാന്‍സര്‍ ബാധിതനായി മാസങ്ങള്‍ക്ക് മുന്‍പ് പിടി തോമസ് അന്തരിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.  പി.ടിയുടെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. 

സ്ഥാനാർഥി നിർണയം ഉടനുണ്ടാകുമെന്നും ഹൈക്കമാൻഡിലേക്ക് പോകാതെ സംസ്ഥാനത്ത് തന്നെ തീരുമാനമുണ്ടാകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം മണ്ഡലം പിടിച്ചെടുക്കാനുള്ള  ചർച്ചകൾ ഇടതുപക്ഷത്ത് സജീവമാണ്. എല്‍ഡിഎഫ് ഇത്തവണയും ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സാധ്യത. 

ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി 20യ്ക്കും ഇത്തവണ ഒരു സ്ഥാനാര്‍ഥിയായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് 15ന് അരവിന്ദ് കെജ്രിവാള്‍ സംസ്ഥാനത്ത് എത്തും. മുന്നണി സ്ഥാനാർഥിളുടെ ചിത്രം വ്യക്തമാകുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിലമരും