തൃക്കാക്കര പരാജയം; സിപിഎം ജില്ലാഘടകത്തിന്റെ നിലപാട് ഇന്നറിയാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ സി.പി.എം കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ജില്ലാഘടകത്തിന്‍റെ നിര്‍ണായക നിലപാട് ഇന്നറിയാം. രാവിലെ ചേരുന്ന ജില്ലാസെക്രട്ടറിയേറ്റും, തുടര്‍ന്നുചേരുന്ന ജില്ലാകമ്മറ്റിയും റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്തിയേക്കും. ഇന്ന് ലെനിന്‍ സെന്ററില്‍ ചേരുന്ന ജില്ലാസെക്രട്ടറിയേറ്റില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കും.ജില്ലയിലെ ഒന്‍പതു  സംസ്ഥാനകമ്മറ്റിയംഗങ്ങള്‍ക്കൊപ്പം മന്ത്രി പി. രാജീവ് കൂടി പങ്കെടുക്കുന്ന നിര്‍ണായക ജില്ലാകമ്മറ്റിയാണ് ഇന്ന് ചേരുന്നത്. 

ത‍ൃക്കാക്കര തോല്‍വി സംമ്പന്ധിച്ച് എ.കെ. ബാലന്‍ ടിപി രാമകൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മീഷനാണ് പാര്‍ട്ടിയ്ക്ക് അന്വേഷണറിപ്പോര്‍ട്ട് നല്‍കിയത്. സിപിഎം സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പരാജയം എറണാകുളം ജില്ലാഘടകത്തിന്റെ വീഴ്ചമൂലമാണെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തല്‍. റിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നേരിട്ടുള്ള നടപടി സ്വീകരിക്കാതെ ജില്ലാകമ്മറ്റിയുടെ പരിഗണനയ്ക്കുശേഷം തുടര്‍നടപടി കൈകൊള്ളാനാണ് തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പെ കെ.എസ്. അരുണ്‍കുമാറിനുവേണ്ടി ചുവരെഴുത്തുനടത്തിയതുമുതല്‍ വീഴ്ചയുണ്ടായെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തല്‍. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പെ ചുവരെഴുത്തുനടത്തിയത് ജില്ലാസെക്രട്ടറിയുടെ അറിവോടെയാണെന്നാണ് ഒരുവിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അതനുസരിച്ചുള്ള നീക്കങ്ങള്‍ മാത്രമുണ്ടാകാനാണ് സാധ്യത.

Enter AMP Embedded Script