ഇപ്പോൾ കേരളം ഭിന്നിച്ചുനിൽക്കുന്നതിൽ പ്രയാസം; കേരളത്തിന്റെ 'സൈന്യം' ന്യൂസ്മേക്കറിൽ

നൂറ്റാണ്ടിലെ പ്രളയം കേരളം നേരിട്ടപ്പോൾ സ്വന്തം ജീവിതം കൊണ്ട് കേരളത്തെ രക്ഷിച്ചവരാണ് ഇവിടുത്തെ മൽസ്യത്തൊഴിലാളികൾ.

പ്രളയത്തെനേരിടാന്‍ ഒറ്റക്കെട്ടായിനിന്ന കേരളം ഇപ്പോള്‍ ഭിന്നിച്ചുനില്‍ക്കുന്നതില്‍ പ്രയാസമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികള്‍. മൽസ്യത്തൊഴിലാളികളോട് കേരളം തിരിച്ച് കാണിച്ച സ്നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ദുരിതങ്ങളുടെ തീരത്താണ് തങ്ങളുടെ ജീവിതമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

സര്‍ക്കാര്‍ പലകാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ആവശ്യങ്ങളും പരാതികളും ഏറെയുണ്ട്. ന്യൂസ്മേക്കര്‍ ഫൈനല്‍ റൗണ്ടിലെ അവസാനത്തെ സംവാദത്തിലാണ് രക്ഷാപ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികളുടെ പ്രതിനിധികളായി നാല്‍പതോളംപേര്‍ പങ്കെടുത്തത്. പ്രളയകാലത്തെ അനുഭവങ്ങളും പാഠങ്ങളും അവര്‍ പങ്കുവയ്ക്കുന്നു. 

ഫീഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ, പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനികന്‍ മേജര്‍ ഹേമന്ദ് രാജ്, പ്രളയത്തിന്‍റെ ദുരിതമനുഭവിച്ച സംവിധായകന്‍ സിബി മലയില്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ബജറ്റില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് തയ്യാറായി വരികയാണെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും ലൈഫ് ജാക്കറ്റുകള്‍ ഈ വര്‍ഷംതന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.