ശബരിമലയിൽ ഇനി എന്ത്?

ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും. സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാന്‍ ബോര്‍ഡ്  തത്വത്തില്‍ തീരുമാനിച്ചു. അന്തിമ തീരുമാനം നാളെയുണ്ടാകും. ബോര്‍ഡ് ഭക്തര്‍ക്കൊപ്പമെന്നും ഉത്തരവാദിത്തം നിറവേറ്റുമെന്നും എ.പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും കോടതിയെ അനുസരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. വിധി നടപ്പാക്കുന്നത് ജനുവരി 22വരെ നിര്‍ത്തിവയ്ക്കണമെന്നും കോടതിയില്‍ സാവകാശം തേടണമെന്നും യുഡിഎഫ് നിലപാടെടുത്തു. വിധിക്ക് സ്റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന വാദമാണ് ബിജെപി മുന്നോട്ടുവച്ചത്.

രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട സര്‍വക്ഷിയോഗത്തില്‍ സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. യുവതികള്‍ക്ക് പ്രത്യേകസമയം നിശ്ചയിക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം യുഡിഎഫും ബിജെപിയും തള്ളി. തുടര്‍ന്ന് ഇരുകൂട്ടരും യോഗം ബഹിഷ്കരിച്ചു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പിന്നീട് പറഞ്ഞു .

സര്‍ക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷനേതാവ് രമേശ്   ചെന്നിത്തല പറഞ്ഞു.  സമവായത്തിനുള്ള ഒരു നീക്കവും ഉണ്ടായില്ല.ഇനി എന്തു പ്രശ്നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. യോഗം വിളിച്ച് സമയം വെറുതേ കളഞ്ഞെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രതികരണം.  വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് നീക്കമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

സമവായ സാധ്യത അടഞ്ഞതോടെ തുലാമാസ പൂജയ്ക്കും ചിത്തരആട്ടവിശേഷത്തിനും സമാനമായ സാഹചര്യം ശബരിമലയില്‍ മണ്ഡലക്കാലത്തും സംജാതമാകുന്ന അവസ്ഥയായി.

സര്‍വകക്ഷിയോഗം യോജിപ്പില്ലാതെ പിരിഞ്ഞതോടെ സര്‍ക്കാരും പ്രതിപക്ഷകക്ഷികളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തകരെക്കൂടി ഇറക്കി പ്രതിരോധം ശക്തമാക്കുമെന്ന് ബി.ജെ.പിയും പ്രതിഷേധം തുടരാന്‍ യു.ഡി.എഫും തീരുമാനിച്ചുകഴിഞ്ഞു. 

പ്രതീക്ഷയോടെയാണ് രാഷ്ട്രീയകക്ഷികളും മതസാമുദായിക സംഘടനകളും സര്‍വകക്ഷിയോഗത്തെ കണ്ടത്. എന്നാല്‍ പ്രശ്നപരിഹാരത്തിന് പുതിയതായി ഒരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാഞ്ഞത് രാഷ്ട്രീയനേതാക്കളെ ചൊടിപ്പിച്ചു.

വിളിച്ചുവരുത്തി വഞ്ചിച്ചുവെന്ന നിലപാടോടെയാണ് നേതാക്കള്‍ പലരും യോഗസ്ഥലത്ത് നിന്ന് പോയത്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണന്ന് സര്‍വകക്ഷിയോഗത്തിലൂടെ  തെളിഞ്ഞെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ വിമര്‍ശനം.

ഇതരസംസ്ഥാനങ്ങളിലെ ഭക്തരെക്കൂടി അണിനിരത്തി ബി.ജെ.പി ശബരിമലയില്‍ പ്രതിരോധം ശക്തമാക്കും .അടുത്തദിവസം ചേരുന്ന എന്‍.ഡി.എ യോഗം അന്തിമ തീരുമാനമെടുക്കും. യുവതികളെ തടയാന്‍ നേരിട്ടിറങ്ങിയില്ലെങ്കിലും പ്രതിഷേധത്തിന്റ ശക്തി കൂട്ടാനാണ് യു.ഡി.എഫിലെയും ധാരണ. നാളത്തെ(വെളളി) രാഷ്ട്രീയകാര്യസമിതിയും തിങ്കളാഴ്ചത്തെ യു.ഡി.എഫ് യോഗവും സമരപരിപാടികള്‍ക്ക് രൂപം നല്‍കും. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസും സര്‍വസന്നാഹവുമായി മലകയറുമ്പോള്‍ തുലാമാസപൂ‍‍ജയ്ക്ക് നടതുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഗുരുതരമാകും ശബരിമലയില്‍ കാര്യങ്ങള്‍.

ശബരിമല നട നാളെ വൈകിട്ട് തുറക്കാനിരിക്കെ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി പൊലീസ്.സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് രാത്രി തങ്ങാന്‍ അനുവാദമില്ലെന്ന് ഡി.ജി.പി  ലോക്നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷവേണ്ട സ്ത്രീകള്‍ക്കായ് പൊലീസിന്‍റെ പ്രത്യേക ഫോണ്‍ നമ്പറുണ്ടാകുമെന്നും യുവതികളുടെ പശ്ചാത്തലം അന്വേഷിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നും നിലയ്ക്കലില്‍ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം ഡി.ജി.പി വ്യക്തമാക്കി.