'അമാനുഷികനാക്കണം'; കു‍ഞ്ഞിന് ഭക്ഷണം നിഷേധിച്ച് സൂര്യപ്രകാശം മാത്രം നല്‍കി; ദാരുണാന്ത്യം

ഭക്ഷണം നല്‍കാതെ സൂര്യപ്രകാശം മാത്രം കാണിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ റഷ്യന്‍ ഇന്‍ഫ്ളുയന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ. മാക്സിം ല്യുത്യി എന്ന ഇന്‍ഫ്ളുയന്‍സറാണ് കുഞ്ഞിന് അമാനുഷിക കഴിവുകള്‍ ലഭിക്കുന്നതിനായി ഭക്ഷണങ്ങള്‍ നല്‍കാതെ സൂര്യപ്രകാശം കൊള്ളിക്കുക മാത്രം ചെയ്തത്. 

പോഷകാഹാര കുറവ്, ന്യുമോണിയ എന്നിവയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. കോസ്മോസ് എന്നായിരുന്നു ഒരുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ പേര്. പ്രസവത്തിനായി പങ്കാളിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും മാക്സിം തയ്യാറായില്ല. ഇതേ തുടര്‍ന്ന് വീട്ടില്‍ വെച്ചാണ് ഒക്സാന എന്ന യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. 

കുഞ്ഞിന് ഭക്ഷണം നല്‍കാന്‍  സമ്മതിച്ചിരുന്നില്ലെന്നും സൂര്യന്‍ കുഞ്ഞിന് വേണ്ട ആരോഗ്യം നല്‍കും എന്നുമാണ് മാക്സിം പറഞ്ഞിരുന്നതെന്ന് ഇവരുടെ ബന്ധു പറയുന്നു. മാക്സിം കാണാതെ കുഞ്ഞിന് പാല് നല്‍കാന്‍ അമ്മ ശ്രമിച്ചിരുന്നെങ്കിലും മാക്സിമിനെ ഭയന്ന് ഇതിന് കഴിയാതെ വന്നു. സൂര്യപ്രകാശം മാത്രം ഏല്‍പ്പിച്ച് കുഞ്ഞിനെ വളര്‍ത്തി ഇങ്ങനെ ജീവിക്കുന്നത് സാധ്യമാണെന്ന് തെളിയിക്കാനായിരുന്നു മാക്സിമിന്റെ ശ്രമം. 

കുഞ്ഞിനെ അമാനുഷികനാക്കുന്നതിനായി  കൊടും തണുപ്പുള്ള വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്തിരുന്നു. അടിമയെ പോലെ ഭയന്നാണ് തന്റെ മകള്‍ മാക്സിമിനൊപ്പം കഴിഞ്ഞിരുന്നതെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. സൂര്യനെ മാത്രം ഭക്ഷിക്കുന്ന ഒരാളായി തന്റെ മകനെ വളര്‍ത്തുകയാണ് മാക്സിം ലക്ഷ്യം വെച്ചത് എന്നും ഇവര്‍ പറയുന്നു.

Starves Newborn Son To Death By Feeding Only Sunlight