ആകാശത്തേക്ക് കണ്ണുംനട്ട് ആയിരങ്ങള്‍; വില്ലനാകാന്‍ മേഘങ്ങള്‍

ഫയല്‍ ചിത്രം

ഇന്ന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ കാത്തിരിക്കുന്നത് ആയിരക്കണക്കിനു പേരാണ്. ഗ്രഹണം കാണാനായി പ്രത്യേകം തയ്യാറാക്കിയ സംരക്ഷണ ഗ്ലാസുകളുമായാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍ കാത്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ മാറിമറയുന്ന കാലാവസ്ഥ ആശങ്ക ഉയര്‍ത്തുകയാണ്.

സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുന്ന വടക്കേ അമേരിക്കയിലെ വലിയ പ്രദേശലും ഈ സമയം പകലും ഇരുട്ടായിമാറും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലയിടത്തും  മൂടിക്കെട്ടിയ ആകാശമായിരിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. സമ്പൂര്‍ണ സൂര്യഗ്രഹണം കാണുന്നതില്‍ വില്ലനായി മേഘങ്ങള്‍ മാറിയേക്കാം. മേഘങ്ങൾ കാരണം പടിഞ്ഞാറൻ ന്യൂയോർക്കിന്‍റെ ഭാഗങ്ങളിലും ഗ്രേറ്റ് തടാകങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും കാഴ്ച തടസപ്പെട്ടേക്കാം എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ന്യൂയോർക്കിലെയും ന്യൂ ഇംഗ്ലണ്ടിലെയും മറ്റ് ഭാഗങ്ങളിൽ ആകാശം തെളിഞ്ഞതായിരിക്കും. അന്തരീക്ഷം മേഘാവൃതമാണെങ്കിലും ഗ്രഹണം നല്‍കുന്ന അനുഭവം നഷ്ടപ്പെടില്ല. ചന്ദ്രന്‍റെ നിഴല്‍ ഭൂമിയിലുടനീളം സഞ്ചരിക്കുമ്പോൾ ആകാശം പൂര്‍ണമായും ഇരുട്ടില്‍ മുങ്ങും.

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമാണ് ഇന്ന് നടക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. വടക്കന്‍ അമേരിക്കൻ രാജ്യങ്ങളിൽ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്സസ് മുതല്‍ മെയിൻ വരെയുളള സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും സമ്പൂർണ ഗ്രഹണം കാണൻ സാധിക്കുക.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂർണ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ആകാശം സന്ധ്യയെന്ന പോലെ ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രഹണം നാസ തല്‍സമയം സംപ്രേഷണം ചെയ്യും. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്‍റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക.