സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല! പക്ഷേ കാണാന്‍ വഴിയുണ്ട്

A total solar eclipse at Painted Hills, a unit of the John Day Fossil Beds National Monument, near Mitchell, Oregon, U.S. August 21, 2017

ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണിത്. എന്നാല്‍ വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. പക്ഷേ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ലോകത്തിന്‍റെ ഏത് കോണിലുള്ളവര്‍ക്കും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വഴിയൊരുക്കുകയാണ്.

ഇന്ത്യന്‍ സമയം ഏപ്രില്‍ 8ന്  രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം. ഗ്രഹണം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തത്സമയ ഓണ്‍ലൈൻ സ്ട്രീമിങാണ് നാസ ഒരുക്കുന്നത്.  മൂന്നു മണിക്കൂറോളം വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ നാസയുടെ നിരവധി പരീക്ഷണങ്ങളും ഈ സമയം നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസ പ്രക്ഷേപണം ചെയ്യും. നാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്. അതേസമയം ഗ്രഹണം നടക്കുന്ന അമേരിക്കയില്‍ ഗ്രഹണം ഒരുമിച്ചിരുന്നു കാണാന്‍ നാസ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. 

2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുള്ളൂ.

വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു. ഏപ്രിൽ 8ന് ശേഷം ഇരുപത് വര്‍ഷത്തിനു ശേഷമേ അടുത്ത സമ്പൂര്‍ണ സൂര്യഹ്രണം സാക്ഷ്യം വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കൂ എന്നാണ് നാസ പറയുന്നത്.

NASA will telecats the total solar eclipse live for those who are not in the eclipse path.