ഇത്തവണ ഗ്രഹണം ‘മിസ്’ ചെയ്തോ? ഒരുങ്ങിക്കോളൂ, അടുത്തത് വരുന്നുണ്ട്!

ഏപ്രില്‍ എട്ടിന് നടന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയെ. എന്നാല്‍ മാനത്തെ ഈ അപൂര്‍വ ദൃശ്യത്തിന് സാക്ഷികളാകാന്‍ നേരിട്ടോ അല്ലാതെയോ കഴിയാതെ വിഷമിച്ചിരിക്കുന്നവരെയും കാണാം. അവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത! ഇത്തവണ സൂര്യഗ്രഹണം ‘മിസ്’ ചെയ്തവര്‍ക്കായി അടുത്തത് വരുന്നുണ്ട്.

2026 ഓഗസ്റ്റ് 12 നായിരിക്കും അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുക. എന്നാല്‍ ഇത്തവണത്തെപ്പോലെ അമേരിക്കയുടെ ആകാശത്ത് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകില്ല. മറിച്ച് ലോകത്തിന്‍റെ മറ്റൊരു ഭാഗമായിരിക്കും 2026 ലെ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുക. ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലന്‍‌ഡ്, പോര്‍ച്ചുഗല്‍, റഷ്യ, സ്പെയിന്‍ എന്നിവിടങ്ങളിലായിരിക്കും അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. ഗ്രീൻലാൻഡില്‍ ചില ഭാഗങ്ങളെ 27 മിനിറ്റിലധികം ഗ്രഹണം ഇരുട്ടിലാഴ്ത്തും.

സമീപകാല ഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി 2026 ലെ സൂര്യഗ്രഹണം ഭൂമിയുടെ കൂടുതല്‍ ഇടങ്ങളില്‍ ചന്ദ്രന്‍റെ നിഴല്‍ വീഴ്ത്തും. യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകൾക്കും ഏഷ്യ, വടക്ക്, പടിഞ്ഞാറൻ ആഫ്രിക്ക, പസഫിക്, അറ്റ്ലാൻ്റിക്, ആർട്ടിക് സമുദ്രങ്ങളുടെ പ്രദേശങ്ങളിലുള്ളവര്‍ക്കും ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കും. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ശാസ്ത്രലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രതിഭാസങ്ങളില്‍ ഒന്നായിരിക്കും ഇത്.

അതേസമയം അമേരിക്കയില്‍ സമ്പൂർണ സൂര്യഗ്രഹണം അടുത്ത രണ്ട് പതിറ്റാണ്ടേക്ക് ഉണ്ടാകില്ല. 2031 ല്‍ നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമാകട്ടെ ഇന്ത്യയിലും അനുഭവപ്പെടും. കേരളത്തിൻ്റെയും തമിഴ്‌നാടിൻ്റെയും ചില പ്രദേശങ്ങള്‍ അന്നേദിവസം ഇരുട്ടിലേക്ക് വീഴും.

എന്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മറയ്ക്കപ്പെടുള്ളൂ. വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു.

The upcoming total solar eclipse will occur on August 12, 2026.