75 ലക്ഷം 'ബോട്ട്' ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു! ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക്

boat-04
SHARE

ഇന്ത്യയിലെ ജനപ്രിയ ഇലക്ട്രോണിക്–ഗാഡ്ജറ്റ് ബ്രാന്‍ഡായ ബോട്ട്(boAt) ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. 75 ലക്ഷത്തോളം വരുന്ന ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായും ഇവ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും ഫോര്‍ബ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇന്‍റര്‍നെറ്റില്‍ വില്‍‌പ്പനയ്ക്ക് വെച്ചിരിക്കുന്നത്. പേര്, മേല്‍വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പർ, കസ്റ്റമർ ഐഡി തുടങ്ങിയ വിവരങ്ങള്‍ ഇന്റർനെറ്റില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോക്താവിന്‍റെ ആരോഗ്യവിവരങ്ങളും ലൊക്കേഷനുകളും ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇവയും ചോര്‍ന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.   

75 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ അടങ്ങിയ 2 ജിബി ഫയല്‍ താനാണ് ചോര്‍ത്തിയതെന്ന് അവകാശവാദവുമായി ഷോപ്പിഫൈഗയ് എന്ന ഹാക്കര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍  വ്യക്തിപരമായ വിവരങ്ങള്‍ ചോരുന്നതിലൂടെ വലിയ തട്ടിപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷ്ടിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഈ ഡേറ്റ ചോര്‍ച്ച കാരണമായേക്കാം. 

ഇന്ത്യയിലെ ജനപ്രിയ ഗാഡ്ജെറ്റ് ബ്രാൻഡുകളിലൊന്നാണ് ബോട്ട്. സ്മാര്‍ട് വാച്ചുകള്‍, സ്പീക്കറുകള്‍, ഇയര്‍ഫോണുകള്‍ എന്നിവയുടെ നിര്‍മാതാക്കളായ ബോട്ട്  ഇന്റർനാഷണൽ ഡേറ്റ കോർപറേഷൻ (ഐഡിസി) റിപ്പോര്‍ട്ടനുസരിച്ച് 2023 ലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വെയറബിള്‍ ബ്രാന്‍ഡാണ്. 

കമ്പനിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും നിയമപരമായ പ്രശ്നങ്ങളും കമ്പനിക്ക് നേരിടേണ്ടി വന്നേക്കാമെന്നുംത്രെട്ട് ഇന്റലിജന്‍സ് റിസേർച്ചർ സൗമയ് ശ്രീവാസ്തവ ഫോർബ്സിനോട് പ്രതികരിച്ചു.  സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE