ഫ്രാന്‍സില്‍ കര്‍ഷകസമരം ശക്തം; ഹൈവേകളില് ട്രാക്ടറുകളും വൈക്കോല്‍ കെട്ടുകളും നിരത്തി

ഫ്രാന്‍സില്‍ കര്‍ഷകസമരം ശക്തം. സമരക്കാര്‍ ട്രാക്ടറുകള്‍ നിരത്തി പാരിസ് നഗരം വളഞ്ഞു. സമരത്തിന് പിന്തുണയുമായി യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും കര്‍ഷകര്‍ ട്രാക്ടര്‍ നിരത്തി നഗരങ്ങളില്‍ റോഡ് ഉപരോധിച്ചു. മികച്ച വരുമാനവും വിലസ്ഥിരതയും ഇറക്കുമതി നിയന്ത്രണവും ആവശ്യപ്പെട്ട് ദിവസങ്ങളായി ഫ്രാന്‍സില്‍ കര്‍ഷകര്‍ സമരത്തിലാണ്.  അധികൃതര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് പാരീസ് നഗരം ഉപരോധിക്കാന്‍ കര്‍ഷകര്‍ തുനിഞ്ഞത്.  

നഗരത്തിലേക്കുള്ള ഹൈവേകളില് ട്രാക്ടര്‍ നിരത്തിയും വൈക്കോല്‍ കെട്ടുകള്‍ നിരത്തിയുമാണ് ഉപരോധം. ഭക്ഷണവും ഇന്ധനവും കയ്യില്‍ കരുതിയെത്തിയ സമരക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്ന നിലപാടിലാണ്. ശക്തമായ പൊലീസ് വിന്യാസം ഉണ്ടെങ്കിലും സമരക്കാര്‍ക്കെതിരെ നടപടിക്ക് തയാറായിട്ടില്ല. ഫ്രഞ്ച് പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.  യുക്രെയ്ന്‍ യുദ്ധവും നാണ്യപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍  യൂറോപ്യന്‍ യൂണിയന്‍റെ കാര്‍ഷിക നയങ്ങളില്‍  മാറ്റം ആവശ്യപ്പെട്ട് മറ്റ് രാജ്യങ്ങളിലും കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ഫ്രഞ്ച് കര്‍ഷര്‍ക്ക് പിന്തുണയുമായി ബെല്‍ജിയത്തിലും ജര്‍മനിയിലും ട്രാക്ടറുകളുമായി കര്‍ഷകര്‍ പ്രതിഷേധത്തിനിറങ്ങി.

Peasant strike is strong in France