‘ഫ്രാന്‍സിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത്’; തരൂരിന് ഷെവലിയര്‍ ബഹുമതി

ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ‘ഷെവലിയര്‍ ഡി ലാ ലെജിയന്‍ ഡി ഹോണര്‍’ ശശി തരൂരിന്. ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ നടന്ന ചടങ്ങില്‍ സെനറ്റ് പ്രസിഡന്‍റ് ജെറാർഡ് ലാർച്ചറാണ് തരൂരിന് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യയും ഫ്രാന്‍സുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി തരൂര്‍ നടത്തിയ പ്രവര്‍ത്തങ്ങളും ആഗോള സമാധാനത്തിനായി അദ്ദേഹം നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളും ശ്രദ്ധേയമാണെന്ന് ഫ്രഞ്ച് എംബസിയുടെ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ അത്യാകര്‍ഷകമായ ഔദ്യോഗിക ജീവിതമാണ് അദ്ദേഹത്തിന്‍റേത് എന്ന് പുരസ്കാരദാന ചടങ്ങില്‍ സെനറ്റ് പ്രസിഡന്‍റ്  ചൂണ്ടിക്കാട്ടി. അറിവിനായുള്ള ദാഹം ലോകത്തിനു സമ്മാനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് തരൂര്‍. രാജ്യത്തെയും രാജ്യത്തിന്‍റെ സംസ്കാരത്തെയും മനസ്സിലാക്കാന്‍ അദ്ദേഹം ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. ഫ്രാന്‍സിനായി അദ്ദേഹം നല്‍കിയ എല്ലാം സംഭാവനകള്‍ക്കും സ്നേഹത്തിനുമുള്ള സമ്മാനമാണ് ഈ പുരസ്കാരമെന്നും ജെറാർഡ് ലാർച്ചര്‍ വ്യക്തമാക്കി.

ഫ്രാന്‍സുമായുള്ള ഊഷ്മള ബന്ധം ഇനിയും തുടരുമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശശി തരൂര്‍ പ്രതികരിച്ചു. ദുര്‍ഗ ചരണ്‍ രക്ഷിതിനാണ് ഇന്ത്യയില്‍ ആദ്യമായി ഷെവലിയര്‍ ബഹുമതി ലഭിക്കുന്നത്. മുഹമ്മദ് ഹനീഫ്, മെട്രോമാന്‍ ഇ. ശ്രീധരന്‍, സെട്രിക് പ്രകാശ്, അഞ്ജലി ഗോപാലന്‍, ഷാറുഖ് ഖാന്‍, നടരാജന്‍ ചന്ദ്രശേഖരന്‍, ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, സൗമിത്ര ചാറ്റര്‍ജി, നദിര്‍ ഗോദ്റെജ്, മനീഷ് അറോറ, അസിം പ്രേംജി തുടങ്ങിയ ഇന്ത്യക്കാര്‍ക്കും ഷെവലിയര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.

Shashi Tharoor received France's highest civilian honour Chevalier de la Legion d'honneur