ഇതാണ് ആ ലോക മുത്തശ്ശി ; പ്രായം 115 വയസ് ; ആരോഗ്യ രഹസ്യമിങ്ങനെ...

ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ്ബുക്ക് റെക്കോർഡ്സില്‍ ഇടം പിടിച്ച് അമേരിക്കൻ വംശജയായ സ്പാനിഷുകാരി മരിയ ബ്രന്യസ് മോറിയ.115 വയസാണ് ഇവരുടെ പ്രായം. ലോകത്തിലെ  ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ഫ്രാൻസിലെ 118 വയസുകാരി ലുസീൽ റാൻഡോണിന്റെ മരണത്തോടെയാണ് മരിയ മോറിയ ലോകമുത്തശ്ശിയായി മാറിയത്.

1907 മാർച്ച് നാലിന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലായിരുന്നു മരിയ മോറിയയുടെ ജനനം. പിന്നീട് കുടുംബം സ്പെയ്നിലേക്കു താമസം മാറുകയായിരുന്നു. സ്പെയ്നിലെ ഒരു നഴ്സിംങ് ഹോമിലാണ് ഇവർ നിലവിൽ താമസിക്കുന്നത്. 

മരിയ മോറിയ പൂർണ ആരോഗ്യവതിയാണെന്നും ലോകറെക്കോർഡിൽ ഇടം പിടിച്ചതിന്റെ സന്തോഷം വരും ദിവസങ്ങളിൽ നഴ്സിംങ് ഹോമിൽ വെച്ച്  ചെറിയ രീതിയിൽ ആഘോഷിക്കുമെന്നും ഗിന്നസ് റെക്കോർഡ് നേടിയ വാർത്തകളോട് പ്രതികരിച്ച് നഴ്സിംങ് ഹോം അധികൃതർ വ്യക്തമാക്കി.

തന്റെ ജീവിത രീതിയും ദീർഘനാൾ ആരോഗ്യത്തോടെ ഇരിക്കാൻ സഹായകരമാവുന്ന ചില ജീവിതോപദേശങ്ങളും മരിയ മോറിയ തന്റെ മകളുടെ സഹായത്തോടെ ഇടയ്ക്കിടെ ‌ട്വിറ്ററിൽ പങ്കുവെക്കാറുണ്ട്.

ശാന്തവും ക്രമവുമായ ജീവിത രീതി, കുടുംബവും സുഹൃത്തുക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കൽ, പ്രകൃതിയുമായുള്ള സമ്പർക്കം, വൈകാരിരമായ സ്ഥിരത ആർജിക്കൽ, ആശങ്കയും കുറ്റബോധവും ഒഴിവാക്കൽ, ടോക്സിക് ആയ വ്യക്തികളിൽ  നിന്നും അകന്ന് നിൽക്കൽ എന്നിവയാണ് തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്ന് അവർ വെളിപ്പെടുത്തി. ദീർഘായുസ്സായിരിക്കാനാവുന്നത് ഭാഗ്യമായാണ് കാണുന്നതെന്നും ഭാഗ്യവും ജനറ്റിക്സും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ അമ്മയ്ക്ക് ഇതു വരെ ആശുപത്രിയിൽ പോകേണ്ടതായി വന്നിട്ടില്ലെന്നും അസ്ഥികൾക്കൊന്നും ഇതുവരെ പൊട്ടലുണ്ടായിട്ടില്ലെന്നും അവർ പൂർണ ആരോഗ്യവതിയാണെന്നും മരിയയുടെ  മകൾ വെളിപ്പെടുത്തി. രണ്ടു ലോക മഹായുദ്ധങ്ങള്‍, സ്പാനിഷ് ആഭ്യന്തര യുദ്ധം, സ്പാനിഷ് ഫ്ലൂ മഹാമാരി എന്നിവയെ അതിജീവിച്ച ഇവർ 2020 ൽ കോവിഡിനെയും  അതിജീവിച്ചു. 113ാം ജൻമദിനം ആഘോഷിച്ച് ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് അവർക്ക് കോവിഡ് ബാധിച്ചത്. എന്നാൽ വള‌രെ വേഗം തന്നെ കോവിഡ് മുക്തയായാവുകയായിരുന്നു. മൂന്നു മക്കളുടെ  അമ്മയും 11 പേരുടെ മുത്തശ്ശിയും 13 പേരുടെ മുതുമുത്തശ്ശിയുമാണ് മരിയ മോറിയ. 

US-Born Spanish Woman Maria Branyas Morera Creates World Record, Becomes Oldest Living Person