ഗിന്നസ് റിക്കോർഡുകൾ ലക്ഷ്യം; പുതുവൽസരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ

പുതുവൽസരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. ഗിന്നസ് റിക്കോർഡുകൾ ലക്ഷ്യമിട്ടാണ് അബുദാബിയിലെയും റാസ് അൽ ഖൈമയിലെയും ആഘോഷങ്ങൾ. ദുബായിൽ പതിനായിരം പൊലീസുകാർ ഉൾപ്പെടെ വൻ സന്നാഹമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം പാലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാർജയിൽ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. ജനുവരി ഒന്നിന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതുവൽസരാഘോഷങ്ങളിൽ തുടർച്ചയായി അഞ്ചാം തവണയും റെക്കോർഡ് തീർക്കാനൊരുങ്ങുകയാണ് റാസ് അൽ ഖൈമ. നേർരേഖയിലെ ഏറ്റവും നീളം കൂടിയ ഡ്രോൺ ഡിസ്പ്ലെയെന്ന റെക്കോർഡും ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്ലോട്ടിങ് വെടിക്കെട്ടും തീർക്കാനാണ് ശ്രമം.  അൽ മർജാൻ ഐലന്റ് മുതൽ അൽ ഹംറ വില്ലേജ് വരെയുള്ള നാലര കിലോമീറ്റർ നീളത്തിലാണ് വെടിക്കെട്ട് നടക്കുക. എട്ട് മിനിറ്റ് നേരം നീണ്ടനിൽക്കും. അതേസമയം നാല് ലോക റെക്കോർഡുകളാണ് അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന വെടിക്കെട്ട് മാത്രം  ദൈർഘ്യം, അളവ്, ഡിസൈൻ എന്നിങ്ങനെ മൂന്ന് റെക്കോർഡുകൾ ഭേദിക്കും. നാലാമത്തെ ഗിന്നസ് റെക്കോർഡും ഭേദിക്കാൻ അയ്യായിരം ഡ്രോണുകൾ ഉൾപ്പെടുത്തിയുള്ള പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

ദുബായിൽ ബുർജ് ഖലീഫ ഉൾപ്പെടെ 32 ഇടങ്ങളിലാണ് വെടിക്കെട്ട് നടക്കുക.  10000 പൊലീസുകാരെും 1525 സുരക്ഷാ വാഹനങ്ങളുമാണ് ദുബായിൽ പുതുവൽസരാവിൽ സുരക്ഷയൊരുക്കാൻ വിന്യസിച്ചിരിക്കുന്നത്.  950 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും 178 ആംബുലൻസുകളും വേറെയും.  ബുർജ് ഖലീഫയിലെ വെടിക്കെട്ടിന് മുന്നോടിയായി ദുബായ് ഡൗൺ ടൗണിലെ പ്രധാന റോഡുകളെല്ലാം വൈകിട്ട് നാല് മണിയോടെ അടയ്ക്കും. ദുബായ് മോളിലുൾപ്പെടെ വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ അൽ ഖൈൽ , ഷൈഖ് സയിദ് റോഡുകളിലെ പാർക്കിങ് പൂർണമായി നിരോധിച്ചു.  അതേസമയം ദുബായ് മെട്രോ 31ന് രാവിലെ എട്ട് മുതൽ ജനുവരി ഒന്നിന് രാത്രി 11.59 വരെ തുടർച്ചയായി 40 മണിക്കൂർ സർവീസ് നടത്തും. ദുബായ് മോൾ മെട്രോ സ്റ്റേഷൻ ഞായർ വൈകുന്നേരം അഞ്ച് മണിക്ക് അടയ്ക്കും. തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി. 

ജനുവരി രണ്ടിന് പുലർച്ചെ ഒരു മണി വരെ  ട്രാം പ്രവർത്തിക്കും. 230 സൗജന്യ ബസ് സർവീസുകൾ നടത്തുമെന്ന് ആർടിഎ അറിയിച്ചു. ബുർജ് ഖലീഫ ഉൾപ്പെടെ വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ടാക്സി മിനിമം നിരക്ക് 20 ദിർഹമാക്കി ഉയർത്തിയിട്ടുണ്ട്. പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും ആഘോഷങ്ങളും ഷാർജ വിലക്കി. നിയമം ലംഘിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

UAE prepares for New Year celebrations