ഏറ്റവും കൂടുതല്‍ പല്ലുള്ള വനിത; ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പല്ലുകളുള്ള വനിത എന്ന് ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യക്കാരിയായ കല്‍പനാ ബാലന്. 38 വയസാണ് കല്‍പനയുടെ പ്രായം. സാധാരണ പ്രായപൂര്‍ത്തിയായവരില്‍ കണ്ടുവരുന്നത് 32 പല്ലാ‌ണെങ്കില്‍ കല്‍പനയ്ക്ക് 38 പല്ലുകളുണ്ട്. ഗിന്നസ് റെക്കോര്‍ഡില്‍ പറയുന്നതനുസരിച്ച് കല്‍പനയ്ക്ക് താഴെ ഭാഗത്തുള്ള മോണയില്‍ നാലുപല്ലുകളും മുകളില്‍ രണ്ടുപല്ലുകളുമാണ് ഉള്ളത്. കൗമാരക്കാലത്തുതൊട്ട് സാധാരണയിലധികം പല്ലുണ്ടാകുന്ന രീതി കല്‍പനയ്ക്കുണ്ടായിരുന്നു. അതുവഴി വലിയ വേദനയും ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടും അനുഭവിച്ചിരുന്നതായി കല്‍പന പറയുന്നു. 

സര്‍ജറി ചെയ്ത് പല്ലുകള്‍ നീക്കം ചെയ്യാമെന്ന് ഡന്‍റിസ്റ്റുകള്‍ പറഞ്ഞിരുന്നെങ്കിലും ഭയം കാരണം അവ കളഞ്ഞില്ല. അതുകൊണ്ടാണ് തനിക്ക് ഗിന്നസ് റെക്കോര്‍ഡ് കിട്ടിയതെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു. കുറച്ച് പല്ലുകള്‍ ഇനിയും വരാന്‍ സാധ്യത ഉള്ളതുകൊണ്ട് അടുത്ത തവണയും റെക്കോര്‍ഡ് തനിക്കായിരിക്കുമെന്നാണ് അവരുടെ വിശ്വാസം. ഏറ്റവും കൂടുതല്‍ പല്ലുകളുള്ള പുരുഷന്‍ കാനഡക്കാരനായ ഇവാനോ മെലോണി എന്ന 41കാരനാണ്. ഹൈപ്പര്‍ഡന്‍റിയ, പോളിഡന്‍റിയ എന്നിവയാണ് ഈ അവസ്ഥയുടെ പേര്. ലോകത്തില്‍ 3.8% ആളുകളിലും ഇത്തരത്തില്‍ ഒരു പല്ലെങ്കിലും കൂടുതലായുണ്ട്. ഇതിന്‍റെ കൃത്യമായ കാരണം ഇന്നും വ്യക്തമല്ല.