119 മണിക്കൂര്‍ തുടര്‍ച്ചയായി പാചകം; ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ഐറിഷ് ഷെഫ്

ചിത്രം: GWR

രണ്ട് മണിക്കൂര്‍ അടുക്കളയില്‍ നിന്നാല്‍ തന്നെ മടുക്കുന്നവരാണ് അധികവും. എന്നാല്‍ തുടര്‍ച്ചയായി 160 മണിക്കൂര്‍ ഒരാള്‍ അടുക്കളയില്‍ തന്നെ ചിലവഴിച്ചാലോ. അതില്‍ 119 മണിക്കൂറും പാചകം ചെയ്തുനിന്നാലോ! അവാര്‍ഡ് കൊടുക്കണമെന്നാകും അഭിപ്രായം. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചുകഴിഞ്ഞു അലന്‍ ഫിഷറെന്ന ഐറിഷ് ഷെഫ്. ജപ്പാനിലെ യോജിന്‍ സ്റ്റ്യൂഹൗസിന്‍റെ ഉടമയാണ് അലന്‍. മാരത്തണ്‍ കുക്കിനും ബേക്കിങുമായി 119 മണിക്കൂറും 57 മിനിറ്റും ഫിഷന്‍ ഉഷാറായി നിന്നു. ഹില്‍ഡ ബേകി ഈ വര്‍ഷം ആദ്യം കുറിച്ച 93 മണിക്കൂര്‍ 11 മിനിറ്റെന്ന റെക്കോര്‍ഡാണ് ഫിഷര്‍ തകര്‍ത്തത്. 

ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചതിന് പിന്നാലെ ഒരു ദിവസം മാത്രം ബ്രേക്കെടുത്ത ശേഷം 47 മണിക്കൂര്‍ 21 മിനിറ്റ് നീണ്ട ബേക്കിങ് മാരത്തണിലും ഫിഷര്‍ പങ്കെടുത്തു. യുഎസിലെ വെന്‍ഡി സാന്‍ഡറുടെ റെക്കോര്‍ഡും ഫിഷര്‍ തകരത്തിട്ടുണ്ട്. 160 മണിക്കൂറുകളോളം തുടര്‍ച്ചയായി ഫിഷര്‍ റസ്റ്റൊറന്‍റിന്‍റെ അടുക്കളയില്‍ ചിലവഴിച്ചുവെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. അസാധാരണമായ മാനസിക–ശാരീരിക കരുത്താണ് ഫിഷര്‍ പ്രകടിപ്പിച്ചെതന്നും സമിതി വിലയിരുത്തി. 3,000 പേര്‍ക്കുള്ള ഭക്ഷണവും 357 കിലോ ബ്രഡുമാണ് ഈ സമയം കൊണ്ട് ഫിഷര്‍ പാകം ചെയ്തത്. 

ഭക്ഷണം പാകം ചെയ്യുന്നത് തനിക്കേറ്റവും ഇഷ്ടമുള്ള കാര്യമാണെന്നും ഭക്ഷണമുണ്ടാക്കുമ്പോഴെല്ലാം താന്‍ തന്‍റെ നാടിനെ ഓര്‍ക്കുമെന്നും ആ സംസ്കാരം പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഫിഷറിന്‍റെ പ്രതികരണം.

Cooking for over 119 hours; Irish chef set world record