170 കാട്ടാനകളെ ലേലം ചെയ്ത് വിറ്റു; വൻരോഷം ഉയരുമ്പോഴും കുലുക്കമില്ല

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി 170 കാട്ടാനകളെ ലേലം ചെയ്തിരിക്കുകയാണ്  നമീബിയൻ സർക്കാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ നടപടിക്കെതിരെ വൻരോഷം നിലനിൽക്കുമ്പോഴാണ് ഈ സർക്കാർ നീക്കം. 29 ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളുടെ വർഗത്തിനു തന്നെ വംശനാശഭീഷണി സംഭവിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ്  ഇത്രയധികം ആനകളെ രാജ്യാന്തരതലത്തിൽ ലേലം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ ആഫ്രിക്കൻ ആനകളിലെ 95 ശതമാനവും നിയമവിരുദ്ധമായ വേട്ടയാടലിനെ തുടർന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്നവയിൽ നിന്നും  8 മുതൽ 10 ശതമാനം വരെ  പ്രതിവർഷം കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. ഇതിനിടെയാണ്  ആനകളുടെ എണ്ണം വർധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയുള്ള ലേലം.

നമീബിയൻ സർക്കാർ ലേലത്തിനായി പിടിച്ച ആനകളിൽ പലതും  നമീബിയയ്ക്ക് പുറത്തു നിന്നുള്ളവയാണെന്നും മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു. വനപ്രദേശങ്ങളിൽ കൂടി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലേക്കും ആനകൾ കുടിയേറാറുണ്ട്. അതിനാൽ ഒരു പ്രദേശത്തു നിന്നും കണ്ടെത്തിയ ആന ആ രാജ്യത്ത് തന്നെ ഉള്ളതാണെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നാണ് ഇവരുടെ വാദം.

നമീബിയയിൽ ആനകളുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും  രാജ്യത്ത് ആകെയുള്ള ആനകളുടെ എണ്ണം  23,736 ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഭൂവിസ്തൃതിയിൽ നമീബിയയെക്കാൾ ചെറുതാണെങ്കിലും അയൽരാജ്യമായ ബോട്സ്വാനയിൽ ആനകളുടെ ആകെ എണ്ണം 1,30,000 ആണ്. ഇവയിൽത്തന്നെ ഇരുപതിനായിരത്തിൽ പരം ആനകൾ നമീബിയ, അംഗോള, സാംബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂട്ടമായി നീങ്ങാറുണ്ട്. ഈ സ്ഥിതി പരിഗണിച്ചാൽ നമീബിയയിൽ ആകെ ആനകളുടെ എണ്ണം പതിനായിരത്തിൽ താഴെ ആകുമെന്നും  മൃഗസംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 

2017 ൽ ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനു വേണ്ടി ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ഗ്രേറ്റ് എലിഫൻറ് സർവേയിൽ പങ്കെടുക്കാൻ നമീബിയ തയ്യാറായിരുന്നില്ല. ആനകളുടെ ആകെ എണ്ണം എടുക്കുന്നതിനുള്ള അടിസ്ഥാന ക്രമീകരണങ്ങൾ രാജ്യത്ത് ഇല്ലാത്തതാണ് ഇതിന് കാരണമെന്നും, ആനകളെ ലേലം ചെയ്യുന്നതിനായി  മനുഷ്യനുമായുള്ള ഏറ്റുമുട്ടലുകളുടെ എണ്ണം സർക്കാർ പെരുപ്പിച്ചു കാട്ടുകയാണെന്നുമാണ്  മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതി.