രണ്ടു ഡോസിന് 10 ഡോളറിൽ താഴെ; 95 ശതമാനം വിജയം; റഷ്യയുടെ സ്പുട്നിക്

കോവിഡ‍ിനെ പ്രതിരോധിക്കാൻ സ്പുട്നിക് 5 വാക്സീൻ 95 ശതമാനം ഫലപ്രദമാണെന്നു റഷ്യ. ആദ്യ ഡോസ് നൽകി 42 ദിവസങ്ങൾക്കു ശേഷമുള്ള പ്രാഥമിക ഡേറ്റ അവലോകനം ചെയ്തുള്ള രണ്ടാമത്തെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്നു രാജ്യാന്തര വാർത്താ ഏജൻസി എഎഫ്പി അറിയിച്ചു.

വാക്സീന്റെ ഫലപ്രാപ്തിയെക്കുറിച്ചു റഷ്യൻ ആരോഗ്യ മന്ത്രാലയം, സർക്കാരിന്റെ ഗമാലയ സെന്റർ, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) എന്നിവരാണു അവകാശവാദം ഉന്നയിച്ചത്. രണ്ടു ഡോസ് വാക്സീൻ രാജ്യാന്തര വിപണിയിൽ 10 ഡോളറിൽ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യൻ പൗരന്മാർക്കു സൗജന്യമാണ്. ആദ്യ ഡോസ് 22,000 സന്നദ്ധപ്രവർത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവർ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു.

ആദ്യ ഡോസ് നൽകി 28 ദിവസത്തിനു ശേഷം 91.4 ശതമാനം ഫലപ്രാപ്തി വാക്സീൻ കാണിച്ചിരുന്നു. അന്ന് 39 കേസുകളാണു പരിശോധിച്ചത്. ഇത്തവണ എത്ര കേസുകളാണു വിശകലനം ചെയ്തത് എന്നു വ്യക്തമല്ല. 2–8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സീൻ സൂക്ഷിക്കാനാകും. മറ്റു ചില വാക്സീനുകൾക്കു മൈനസ് ഡിഗ്രി സെൽഷ്യസ് താപനില വേണമെന്നിരിക്കെ ഇത് അനുകൂല ഘടകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. റഷ്യയ്ക്കു പുറത്തു യുഎഇ, വെനസ്വേല, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിൽ സ്പുട്നിക് 5 പരീക്ഷണം നടക്കുകയാണ്.