അമേരിക്കയിൽ കാട്ടുതീ; 24 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പശ്ചിമ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു.  മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി അഗ്നിക്കിരയായി. ഓറിഗനിൽ നിന്ന് 5 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. 

കലിഫോർണിയ, ഓറിഗൻ, വാഷിങ്ടൻ  സംസ്ഥാനങ്ങളെയാണ് കാട്ടുതീ വിഴുങ്ങിയത്.  കലിഫോര്‍ണിയയില്‍ മാത്രം 12 ലക്ഷം ഹെക്ടറിലധികം  പ്രദേശം കത്തിനശിച്ചു.  ഒാറിഗണില്‍ നാലു ലക്ഷം ഹെക്ടറും വാഷിങ്ടണില്‍ രണ്ടര ലക്ഷം ഹെക്ടറും അഗ്നിക്കിരയായി. നിര്‍ത്താതെ വീശുന്ന കാറ്റും ഉയര്‍ന്ന 

താപനിലയും തീ പടര്‍ന്നുപിടിക്കുന്നതിന് കാരണമായി. ഒാറിഗന്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ കാട്ടുതീയില്‍ നിന്ന് രക്ഷിക്കാന്‍   5 ലക്ഷം പേരെ ഒഴിപ്പിച്ചെന്ന് ഗവര്‍ണര്‍ അറിയിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടമായി.കാട്ടുതീയുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തില്‍ വലയുകയാണ് പശ്ചിമ സംസ്ഥാനങ്ങള്‍. നഗരങ്ങളെയടക്കം മൂടിയ പുകയില്‍ ആരോഗ്യപ്രശ്നങ്ങളും പെരുകുകയാണ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കലിഫോര്‍ണിയ സന്ദര്‍ശിക്കും. വനസംരക്ഷണത്തിലെ പോരായ്മയാണ് തീ പടരാന്‍ കാരണമെന്ന് ട്രംപും 

പ്രസിഡന്‍റിന്‍റെ നയങ്ങളാണ് ദുരന്തം ക്ഷണിച്ചുവരുത്തുന്നതെന്ന് ഡെമോക്രാറ്റുകളും ആരോപിച്ചു.