കൊറോണ വൈറസിന്റെ ശക്തി കുറയുന്നോ? പ്രതീക്ഷയോടെ ലോകം

കൊറോണ വൈറസിന്റെ ശക്തി കുറയുന്നതായി സംശയങ്ങൾ പ്രകടിപ്പിച്ച് ശാസ്ത്രലോകം. ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമോളജി വിഭാഗമാണ് ഇത്തരത്തിലൊരു സൂചന പുറത്ത് വിട്ടത്. അതിവേഗം ജനിതക പരിവർത്തനത്തിന് വൈറസ് വിധേയമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ ജനിതക പരിവർത്തനം എന്ത് തരത്തിലുള്ള മാറ്റമാണ് വരുത്തുക, എങ്ങനെയാണ് പിന്നീട് വൈറസ് പ്രവർത്തിക്കുന്നത് എന്നാണ് ശാസ്ത്രലോകം ഇപ്പോൾ കൗതുകത്തോടെ വീക്ഷിക്കുന്നത്. 

അടുത്തിടെ മലേഷ്യയിൽ കണ്ടെത്തിയ, ജനിതക പരിവർത്തനം സംഭവിച്ച, വൈറസിന് ചൈനയിലെ വൂഹാനിൽ കണ്ടെത്തിയതിനേക്കാൾ പത്തു മടങ്ങ് ശേഷിയുണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വൈറസിലെ ഈ മാറ്റങ്ങളെ ഭയക്കേണ്ടതുണ്ടോ? കാര്യമായ ആശങ്ക ഇക്കാര്യത്തിൽ വേണ്ടെന്നാണു ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.

ജനിതക പരിവർത്തനം സംഭവിക്കുന്ന മിക്ക വൈറസുകളിലും ആക്രമണശേഷി കുറവാണെന്നതാണു പൊതുവെ കാണപ്പെടുന്നത്. സുരക്ഷിതമായിരിക്കാൻ ഒരിടം വേണമെന്നതിനായിരിക്കും ആ സമയത്ത് വൈറസിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. അതിനാൽത്തന്നെ മരണത്തിലേക്കു നയിക്കാവുന്ന സങ്കീര്‍ണ ആരോഗ്യ പ്രശ്നങ്ങൾ അവ രോഗികളിലുണ്ടാക്കില്ലെന്നും പോൾ പറയുന്നു. ഫെബ്രുവരി മുതൽ കൊറോണവൈറസിലെ ജനിതക മാറ്റം ഡബ്ല്യുഎച്ച്ഒ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുതരമായ അവസ്ഥയിലേക്ക് ഇതൊരിക്കലും നയിക്കുന്നില്ലെന്ന് സംഘടനയും സമ്മതിക്കുന്നു. 

ജനുവരി മുതൽ മാർച്ച് വരെ സിംഗപ്പൂരിൽ പടർന്ന വൈറസിനെ പഠനവിധേയരാക്കിയ ഗവേഷകരും സമാന നിഗമനത്തിലെത്തിയിരുന്നു. രക്തത്തിൽ ഓക്സിജൻ കുറയുകയെന്ന കോവിഡിന്റെ ഏറ്റവും ഗുരുതര ലക്ഷണങ്ങളിലൊന്നിന് ഈ വൈറസ് കാരണമാകുന്നില്ലെന്നും കണ്ടെത്തി. മാത്രവുമല്ല, അതിശക്തമായ രീതിയിൽ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാൻ ശരീരത്തിനു ശേഷിയുണ്ടാക്കാനും വൈറസിന് കഴിയുമായിരുന്നു.