4,000 ടൺ ഇന്ധനം: കപ്പൽ രണ്ടായി പിളർന്നു; വൻ പരിസ്ഥിതി ദുരന്തം

പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിച്ച് ജപ്പാന്റെ എം‌വി വകാഷിയോ എന്ന എണ്ണക്കപ്പൽ രണ്ടായി പിളർന്നതായി റിപ്പോർട്ടുകൾ. പവിഴപ്പുറ്റുകൾ നിറഞ്ഞ മൗറീഷ്യസിലാണ് കപ്പൽ രണ്ടായി പിളർന്ന് എണ്ണ കടലിൽ കലരുന്നത്. അപൂർവമായ പവിഴപ്പുറ്റുകളും ടൂറിസവും ആശ്രയിച്ച് ജീവിക്കുന്ന ഒരു ജനതയെയും ലോകത്തിലെ തന്നെ മനോഹരമായ ഒരു ദ്വപിനെയും അപകടത്തിലാക്കിയിരിക്കുകയാണ് ഈ കപ്പൽ ദുരന്തം.

എം‌വി വകാഷിയോ കപ്പലിൽ ഏതാണ്ട് 4,000 ടൺ ഇന്ധനം ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് കപ്പൽ അപകടത്തിൽപ്പെടുന്നത്. ഇതിന് പിന്നാലെ കപ്പലിൽ നിന്നും എണ്ണമാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഭൂരിഭാഗം എണ്ണയും കപ്പലിൽ നിന്നും മാറ്റിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ കപ്പൽ ഇപ്പോൾ രണ്ടായി പിളർന്നിരിക്കുകയാണ്. 

എണ്ണ കടലിൽ കലർന്നതോടെ വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതാണ്. അപൂർവമായ പവിഴപ്പുറ്റുകളുടെ വൻനാശത്തിന് ഇത് കാരണമായേക്കുമെന്ന് അധികൃതർ പറയുന്നു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മൗറീഷ്യസിന് ഇത്രയും വലിയ ചോര്‍ച്ചയെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും  മറ്റ് രാജ്യങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കപ്പൽ രണ്ടായി പിളരുന്നത്.