പറന്നിറങ്ങിയ മരണം കവര്‍ന്നത് പതിനായിരങ്ങളെ; ആ നടുക്കുന്ന ഓർമകൾക്ക് 75 വർഷം

ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചിട്ട് ഇന്ന് 75 വര്‍ഷം. അമേരിക്കന്‍ യുദ്ധവിമാനമായ എനോള ഗേയില്‍ പറന്നിറങ്ങിയ മരണം കവര്‍ന്നത് പതിനായിരങ്ങളെയാണ്. മൂന്ന് ദിവസത്തിനുശേഷം 1945 ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിച്ചു. 

അവസാന സൈനികനും മരിച്ചുവീഴുന്നതുവരെ ജപ്പാന്‍ പോരാടും, രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ്.ട്രൂമാന് സൈനിക കേന്ദ്രങ്ങള്‍ കൊടുത്ത ഈ ഉപദേശമാണ് മേല്‍ക്കൈ ഉണ്ടായിട്ടും പതിനായിരങ്ങളെ ചുട്ടെരിച്ച കൊടുംക്രൂരതയ്ക്ക് കാരണമായത്. 1945 മേയില്‍ നാസി ജര്‍മനി കീഴടങ്ങിയിട്ടും, പോരാട്ടം തുടര്‍ന്ന ജപ്പാനെ പാഠം പഠിപ്പിക്കാന്‍ അമേരിക്ക തീരുമാനിക്കുന്നു. ഹിരോഷിമ നഗരത്തെ തിരഞ്ഞെടുക്കാന്‍ കാരണവും സൈനിക വ്യാവസായിക വളര്‍ച്ചതന്നെ. പസഫിക് സമുദ്രത്തിലെ ടിനിയാനില്‍നിന്നാണ് അമേരിക്കയുടെ ബി 29 ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

ലിറ്റില്‍ ബോയി എന്ന അണുബോബ് ഹിരോഷിമ നഗരത്തിന് രണ്ടായിരം അടി ഉയരത്തില്‍വച്ച് താഴേയ്ക്കിട്ടു. എഴുപതിനായിരത്തിലേറെ പേരെ നിമിഷനേരംകൊണ്ട് ചുട്ടുകരിച്ച, ലോക മനഃസാക്ഷിയെ ഞെട്ടിച്ച അമേരിക്കന്‍ ധാര്‍ഷ്ഠ്യം. അണുവികിരണം പിന്നെയും ആയിരങ്ങളുടെ ജീവനെടുത്തു. സൂര്യനേക്കാള്‍ ശോഭയോടെ ജ്വലിച്ച തീഗോളത്തിന് നശീകരണ ശേഷി ഏറെയുണ്ടായെങ്കിലും ജപ്പാന്‍ എന്ന ദ്വീപ് രാഷ്ട്രത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാനായില്ലെന്നത് കാലം തെളിയിച്ചു.