8 കോടീശ്വരൻമാർക്ക് 21.26 ലക്ഷം കോടിയുടെ അധികവരുമാനം; അപ്രതീക്ഷിത നേട്ടം

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ കാരണം ജനങ്ങൾ വീട്ടിലിരിക്കുകയാണ്. ഈ കാലയളവിൽ ശതകോടീശ്വരന്മാരുടെ നികുതികൾ ഉയർന്നിട്ടും കോവിഡ്-19 മഹാമാരി അമേരിക്കയിലെ സാമ്പത്തിക അസമത്വം വർധിപ്പിച്ചു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് കണക്കാക്കിയ റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് കാലത്ത് യുഎസ് ശതകോടീശ്വരന്മാരുടെ സ്വത്ത് 282 ബില്യൺ ഡോളർ (ഏകദേശം 21.26 ലക്ഷം കോടി രൂപ) വർധിച്ചു എന്നാണ്.

ജനുവരി 1 നും ഏപ്രിൽ 10 നും ഇടയിൽ ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, മക്കെൻസി ബെസോസ്, എറിക് യുവാൻ, സ്റ്റീവ് ബാൽമർ, ജോൺ ആൽബർട്ട് സോബ്രാറ്റോ, ജോഷ്വ ഹാരിസ്, റോക്കോ കോമിസോ എന്നിവരുൾപ്പെടെ എട്ട് അമേരിക്കൻ സമ്പന്നർ മാത്രം 100 കോടി ഡോളർ നേടി.

ഉദാഹരണമായി, ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ധനികനായ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്റെ വരുമാനത്തിൽ ജനുവരി 1 മുതൽ ഇതുവരെ 2500 കോടി ഡോളർ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഹോണ്ടുറാസിലെ മൊത്തം ജിഡിപിയേക്കാൾ 11 കോടി ഡോളർ കൂടുതലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി.