കൊറോണവൈറസ്: ചൈനയ്ക്ക് 11,000 കോടി വരുമാനം; ഞെട്ടിക്കും കണക്കുകൾ

ചൈനയിൽ ഉടലെടുത്ത് ഇന്ന് ലോകമെമ്പാടും ഭീതി പടർത്തുകയാണ് കൊറോണ വൈറസ്. എന്നാൽ പുറത്തുവരുന്ന കണക്കുകളിൽ വൻ സാമ്പത്തിക നേട്ടമാണ് ചൈന കൊയ്യുന്നത്. യൂറോപും അമേരിക്കയും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമമാണ് ഇപ്പോൾ നേരിടുന്നത്. തദ്ദേശീയമായി നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇറക്കുമതിക്കാണ് ഇവരുടെ ശ്രമം. 

കോവിഡിനെതിരായ യുദ്ധസമാന സാഹചര്യത്തില്‍ 1.45 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന മുന്നേറ്റമാണ് ചൈന നടത്തിയിരിക്കുന്നത്. ലോകം ഒന്നടങ്കം കൊറോണയിൽ വിയർക്കുമ്പോൾ ചൈന കയറ്റുമതിയിൽ അതിവേഗം കുതിക്കുകയാണ്.

കോടിക്കണക്കിന് മാസ്‌കുകള്‍, ലക്ഷക്കണക്കിന് സുരക്ഷാ കവചങ്ങളും ഇന്‍ഫ്രാറെഡ് താപ പരിശോധന ഉപകരണങ്ങള്‍ 16,000 വെന്റിലേറ്ററുകള്‍ എന്നിവയാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കാലത്ത് മാത്രം ചൈന വിദേശത്തേക്ക് കയറ്റി അയച്ചിരിക്കുന്നത്. ചൈനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.