കൊറോണ വൈറസ് നേരത്തെ മനുഷ്യനിലെത്തി: ജനിതകമാറ്റം അപകടകരം; പഠനം

കോവിഡ് 19 പരത്തുന്ന കൊറോണ വൈറസ് വര്‍ഷങ്ങള്‍ക്ക് മുൻപെ മനുഷ്യരില്‍ പടര്‍ന്നുപിടിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ. കഴിഞ്ഞ ഡിസംബറില്‍ അസാധാരണമാം വിധം ന്യൂമോണിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം തിരിച്ചറിയാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് ചൈനയിലെ ഡോക്ടര്‍മാര്‍ കോവിഡ് 19ന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പിന്നീട് വൈറോളജി വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ഈ വൈറസിന് ചൈന, മ്യാന്മര്‍ അതിര്‍ത്തിയില്‍ കണ്ടുവരുന്ന വവ്വാലുകളിലെ വൈറസുമായി 96 ശതമാനം ജനിതകസാമ്യമുള്ളതായി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഈ വൈറസിന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷിയില്ല. 

മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ മനുഷ്യരിലെത്തിയ വൈറസാണ് രോഗകാരിയാകുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ സാധ്യതകളാണ് അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സംയുക്ത ഗവേഷകസംഘം മുന്നോട്ടുവെക്കുന്നത്. 

ഈ കൊറോണ വൈറസ് വര്‍ഷങ്ങള്‍ക്കോ പതിറ്റാണ്ടുകള്‍ക്കോ മുൻപ് മനുഷ്യശരീരത്തിലെത്തുകയും പടര്‍ന്നു പിടിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് ഇവര്‍ പരിശോധിക്കുന്നത്. അങ്ങനെ വര്‍ഷങ്ങളോളം നിശബ്ദമായി പടര്‍ന്നുപിടിച്ച ശേഷം സംഭവിച്ച ജനിതകമാറ്റങ്ങള്‍ ഈ വൈറസിനെ മനുഷ്യരാശി കണ്ട ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നാക്കി മാറ്റിയെന്നും കരുതപ്പെടുന്നു. 

കൊറോണ വൈറസിന് മനുഷ്യരിലേക്ക് പകരാന്‍ സഹായിക്കുന്നത് സ്‌പൈക്ക് പ്രോട്ടീനാണ്. ഈ സ്‌പൈക്ക് പ്രോട്ടീനുകള്‍ ഇന്തൊനീഷ്യയില്‍ കണ്ടുവരുന്ന ഈനാംപേച്ചികളിലെ വൈറസുകളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ രണ്ട് വൈറസുകളിലും കാണാത്ത പോളിബൈസിക് ക്ലീവേജുകളാണ് SARS Cov2 അഥവാ കോവിഡ് 19ന് കാരണമാകുന്ന വൈറസിനെ അതിവേഗത്തില്‍ മനുഷ്യരില്‍ പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്നത്. ഈ ജനിതകമാറ്റം SARS Cov2 വൈറസുകള്‍ക്ക് സംഭവിച്ചത് മനുഷ്യരില്‍ വെച്ചാണെന്നാണ് ഗവേഷകരുടെ അനുമാനം.