കോവിഡ് 19 ബാധിതർ കുത്തനെ കൂടി, ഡോക്ടർമാരില്ല; ആപ്പ് പുറത്തിറക്കി കൊറിയ

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ . ഇപ്പോഴിതാ ക്വാറന്റെന്‍ ചെയ്യാന്‍ നിര്‍ബന്ധിതമായ 30000ത്തിലേറെ പേരെ നിരീക്ഷിക്കാന്‍ ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍  മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. കോവിഡ് 19 ബാധിച്ച ഉത്തരകൊറിയക്കാരുടെ എണ്ണം 7500ലേറെയാണ് . മരണസംഖ്യ അമ്പത് കവിയുകയും ചെയ്തു. .

ദക്ഷിണകൊറിയയിലെ ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വീടുകളില്‍ നിര്‍ബന്ധിതമായി ക്വാറന്റെയിൻ ചെയ്തവരെ നിരീക്ഷിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ഇവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടാനും കാര്യങ്ങളുടെ പുരോഗതി അറിയിക്കാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. വീടുകളില്‍ നിര്‍ബന്ധമായി ഇരിക്കാന്‍ പറഞ്ഞിട്ടുള്ളവരില്‍ ആരെങ്കിലും പുറത്തുപോകുന്നുണ്ടെങ്കില്‍ ജിപിഎസ് വഴി കണ്ടെത്താനും ആപ്ലിക്കേഷനാകും.

ആന്‍ഡ്രോയിഡ് ഫോണുകളിലേക്കുള്ള ആപ്ലിക്കേഷനാണ് ആദ്യം പുറത്തിറക്കിയിരിക്കുന്നത്. ഈമാസം 20നകം ഐഒഎസിലും ആപ്ലിക്കേഷന്‍ ലഭ്യമാകും. ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം കുറക്കാനും കൂടുതല്‍ പേരിലേക്ക് സേവനങ്ങളെത്തിക്കാനും ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ ആവശ്യമെങ്കില്‍ പങ്കുവെക്കാന്‍ തയ്യാറാണെന്നും ദക്ഷിണകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറന്റെയിൻ ചെയ്യപ്പെടുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ ലഭ്യമല്ലെന്ന നില വന്നു. ഇതോടെയാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഫോണ്‍ വിളിയിലൂടെയല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഖരിക്കാനുമാകും. അതേസമയം, ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അത് ഒഴിവാക്കാമെന്നും അവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിക്കുന്നത് തുടരുമെന്നും ദക്ഷിണകൊറിയന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.