ലഹരി നൽകി 136 പുരുഷന്മാരെ പീഡിപ്പിച്ചു; ദൃശ്യം പകർത്തി 'രാക്ഷസ' പീഡകൻ

ലഹരിമരുന്ന് നൽകി നൂറിലധികം പുരുഷൻമാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തൊനീഷ്യൻ വിദ്യാർഥിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ഇന്തൊനീഷ്യൻ സ്വദേശിയായ റെയ്ൻഹാർഡ് സിനാഗ (36)യ്ക്ക് ശിക്ഷ വിധിച്ചത്. ഇയാൾ 195 ഓളം പേരെ ആക്രമിച്ചിരിക്കാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. താമസിക്കാനോ മദ്യം കഴിക്കാനോ സ്ഥലം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആളുകളെ പീഡിപ്പിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

ഇന്തൊനീഷ്യയിലെ ജാംബി പ്രവശ്യയിൽ നിന്നുള്ള പ്രതി ഉന്നത വിദ്യാഭ്യാസത്തിനായാണ് യുകെയിൽ എത്തിയത്. രാത്രികാലങ്ങളിൽ ചെറുപ്പക്കാർക്കൊപ്പം മദ്യപിച്ചശേഷം മയക്കുമരുന്ന് നൽകിയാണ് ഇയാൾ പീഡനം നടത്തിയിരുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. പലരും പീഡനം അറിഞ്ഞിരുന്നില്ല. എന്നാൽ, പീഡനത്തിന് ഇരയായ ഒരാൾ ഇടയ്ക്ക് എണീക്കുകയും ഇയാളെ പിടിക്കുകയുമായിരുന്നു. തുടർന്ന് പരാതി നൽകി. ഇരകളിൽ ഒരാൾ ഇയാളെ ചെകുത്താൻ എന്നാണ് വിശേഷിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 30 വർഷമെങ്കിലും പ്രതി ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. 

ക്രൗൺ പ്രോസിക്യൂഷൻ പറയുന്നത് അനുസരിച്ച് പ്രതിയായ സിനാഗ 159 കുറ്റകൃത്യങ്ങളാണ് ചെയ്തത്. ഇതിൽ 136 പീഡനങ്ങളും എട്ട് പീഡനശ്രമവും ഉൾപ്പെടും. 2018 ജൂണിൽ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. 2007 ൽ ബ്രിട്ടനിലേക്ക് മാറിയതിനുശേഷം സിനാഗ കൂടുതൽ പുരുഷന്മാരെ ആക്രമിച്ചതായി സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി എന്നാണ് വിശേഷിപ്പിച്ചത്.

ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയെ പുറത്തുവിടുന്നത് സുരക്ഷിതമല്ലെന്നാണ് വിധിപ്രസ്താവിച്ച് ജഡ്ജി വ്യക്തമാക്കിയത്. സിനാഗ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു. പിടിയിലായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്നും നിരവധി മണിക്കൂറുകൾ ദൈർഘ്യമുള്ള പീഡനദൃശ്യങ്ങൾ കണ്ടെത്തി. മദ്യക്കുപ്പികളും ലഹരിമരുന്നുകളും കണ്ടെത്തിയിരുന്നു.