രണ്ടു വർഷത്തെ സാഹിത്യ നൊബേൽ നാളെ; ലൈംഗികാരോപണത്തിൽ മുടങ്ങിയ പ്രഖ്യാപനം

സാഹിത്യത്തിനുള്ള രണ്ടു വര്‍ഷത്തെ നൊബേല്‍ പുരസ്കാരം നാളെ  പ്രഖ്യാപിക്കും. അക്കാദമി സ്ഥിരാംഗത്തിന്റെ ഭർത്താവിനെതിരായ ലൈംഗിക വിവാദത്തെത്തുടർന്നാണ് പോയവര്‍ഷം സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്. 

സ്വീ‍ഡനിലെ സാംസ്കാരിക പ്രമുഖനായ ഷീൻ ക്ലോഡ് അർനോയ്ക്കെതിരെ ഉയര്‍ന്ന        ലൈംഗികപീഡന ആരോപണമാണ് 2018ലെ സാഹിത്യ നോബലിന് വിലങ്ങുതടിയായത്. അക്കാദമിയിലെ സ്ഥിരാംഗവും കവിയുമായ കാതറീന ഫ്രോസ്റ്റൻസണിന്റെ ഭർത്താവാണ് അർനോ. അതീവരഹസ്യമായി സൂക്ഷിക്കാറുള്ള നൊബേൽ ജേതാക്കളുടെ പട്ടിക അര്‍നോ വഴി ചോര്‍ന്നെന്നും ആക്ഷേപമുയര്‍ന്നു.

 കാറ്ററിനയെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മൂന്നുപേർ കമ്മിറ്റിയിൽനിന്നു രാജിവച്ചു. ഇതോടെ  70 വർഷത്തിനുശേഷം സാഹിത്യമില്ലാതെ നൊബേൽ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായി. അധികം വൈകാതെ കാതറീനയും രാജിവച്ചു. അര്‍നോയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷയും വിധിച്ചു.  വിഷയം കൈകാര്യം ചെയ്തതിനെക്കുറിച്ച് വിമര്‍ശനമുയര്‍ന്നതോടെ സാഹിത്യത്തിനുള്ള  സമ്മാനം നൽകുന്ന  അക്കാദമിയുടെ ആദ്യത്തെ വനിതാ സെക്രട്ടറിയായ സാറാ ഡാനിയുസും രാജിവച്ചു.  പോയവര്‍ഷത്തെ ജേതാവിന്‍റെ പേര് ഈ വര്‍ഷത്തെ സമ്മാനത്തിനൊപ്പം പ്രഖ്യാപിക്കും. 2018ന് മുമ്പ് ഏഴുതവണ സമ്മാനപ്രഖ്യാപനം മാറ്റിവച്ചിട്ടുണ്ട്.