മുറി മാറിക്കയറി യുവാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരിക്ക് 10 വർഷം തടവ്

സ്വന്തം അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ വനിത പൊലീസ് ഓഫിസർ ആംബർ ഗൈഗറിന് പത്തു വർഷത്തെ തടവ് കോടതി വിധിച്ചു. സംഭവത്തെ തുടർന്ന് ഇവരെ പൊലീസ് സേനയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.

തന്റെ അപ്പാർട്ട്മെന്റിൽ ആരോ അതിക്രമിച്ചു കയറിയെന്നായിരുന്നു ഇവർ കരുതിയത്. ഉടനെ സർവീസ് റിവോൾവർ ഉപയോഗിച്ചു അവിടെയുണ്ടായിരുന്ന യുവാവിനു നേരെ നിറയൊഴിക്കുകയായിരുന്നു. 2018 സെപ്റ്റംബറിൽ ഡാലസിലെ സൗത്ത് സൈഡ് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം.

മരിച്ച ബോത്തം ജോൺ അക്കൗണ്ടന്റായി ഡാലസിൽ ജോലി ചെയ്തുവരികയായിരുന്നു. ബോത്തമിനെകുറിച്ചു കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നല്ല അഭിപ്രായായിരുന്നു. വിചാരണ ഒക്ടോബർ ഒന്നിനാണ് അവസാനിച്ചത്. ഇവർ കൊലപാതകം നടത്തിയതായി ജൂറി കണ്ടെത്തി.

അ‍ഞ്ചു മുതൽ 99 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ജൂറി 10 വർഷത്തെ ശിക്ഷയാണ് വിധിച്ചത്. ശിക്ഷ കുറഞ്ഞു പോയെന്നാരോപിച്ചു ബോത്തമിന്റെ കുടുംബാംഗങ്ങൾ കോടതിക്കപ്പുറത്തു ശക്തമായ പ്രതിഷേധം നടത്തി.