ട്രംപിന്റെ പതനംപ്രഖ്യാപിച്ച് മ്യൂസിയം നടത്തിപ്പുകാർ; മെഴുക് പ്രതിമ ഒഴിവാക്കി

അമേരിക്കയെ ആര് നയിക്കും എന്നറിയാൻ കുറച്ച് ദിവസങ്ങൾ കൂടി കഴിയണം. എന്നാൽ ബെർലിനിലെ മാഡം ട്യൂസോ മ്യൂസിയം നടത്തിപ്പുകാർ ട്രമ്പിന്റെ പതനം ഇപ്പോഴേ പ്രഖ്യാപിച്ചു . അമേരിക്കൻ ജനതയുടെ വിധി ഉറപ്പിച്ച അവർ ട്രമ്പിന്റെ മെഴുക് പ്രതിമ മ്യൂസിയത്തിൽ നിന്ന് ഒഴിവാക്കി.

തിരഞ്ഞെടുപ്പ് നടക്കുന്നു, ഫലപ്രഖ്യാപനവും അന്തിമവിധിയും  വരാനിരിക്കുന്നതേയുള്ളു. പക്ഷെ അതുവരെയൊന്നും കാക്കേണ്ട കാര്യമില്ലെന്നാണ് ബെർലിനിലെ മാഡം ട്യൂസോ മ്യൂസിയത്തിന്റെ തീരുമാനം. ഇത്രക്കൊക്കെ ആയ നിലക്ക് ബാക്കി ഊഹിക്കാവുന്നതേയുള്ളു എന്നുറപ്പിച്ച അവർ തങ്ങളുടെ മ്യൂസിയത്തിൽ നിന്ന് ഡോണൾഡ് ട്രമ്പിന്റെ അർദ്ധകായ മെഴുകു പ്രതിമ നീക്കം ചെയ്തു. മാറ്റി ഒരിടത്തു വെക്കുകയല്ല ചെയ്തത്, മാലിന്യങ്ങൾ കൂട്ടിയിടുന്ന പെട്ടിയിൽ കൊണ്ടുപോയി തള്ളി. ഒരു ബാനറും വെച്ചു. ഇനി സ്ഥാനം ഇവിടെ മാത്രം. അമേരിക്ക ഇനിയും ഉയരെ പറക്കട്ടെ. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ട്രമ്പിന്റെ തീരുമാനങ്ങളെ അമേരിക്കൻ ജനത ഈ രീതിയിൽ ചവറ്റുകുട്ടയിൽ തള്ളുമെങ്കിലും ഇതുവരെ ആരുമത് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. ജോ ബൈഡനെ ഏറ്റെടുക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്നാണ് ഭൂരിപക്ഷ സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്. ആ മനോവികാരം ട്യൂസോ മ്യൂസിയം നേരത്തെ  നടപ്പാക്കിക്കൊണ്ട് പറഞ്ഞു ഞങ്ങൾ ശുദ്ധികലശം ചെയ്ത് തയ്യാറായി എന്ന്.