കിം വീണ്ടും പൊതുവേദിയില്‍; ചിത്രങ്ങളും പുറത്തുവിട്ടു; സഹോദരിയും ഒപ്പം

ഗുരുതര രോഗാവസ്ഥയിലെന്ന റിപ്പോർട്ടുകൾക്കൊടുവിൽ ഉത്തരകൊറിയൻ ഭരണാധിപൻ കിം ജോങ് ഉൻ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ  വളനിര്‍മാണ ഫാക്ടറി ഉദ്ഘാടന ചടങ്ങിലാണ്‌ കിം എത്തിയതെന്നാണ് ഉത്തര കൊറിയൻ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നത്. 

20 ദിവസങ്ങൾ നീണ്ടു നിന്ന അജ്ഞാത വാസത്തിനൊടുവിൽ ആണ് കിം ജോങ് ഉൻ പൊതുപരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ വരുന്നത്. പോൺഗ്യങ്ങിൽ ഫെർട്ടിലൈസർ ഫാക്ടറി ഉദ്ഘാടന ചടങ്ങിനെത്തിയ കിമ്മിനെ കണ്ടു തൊഴിലാളികൾ ആവേശഭരിതരായി എന്നും ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉദ്ഘാടന ചടങ്ങിന് ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സഹോദരി കിം യൊ ജോങും മുതിർന്ന നേതാക്കളും കിമ്മിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. മുത്തച്ഛന്‍റെ ജന്മവാർഷികം ആയ ഏപ്രിൽ 15 നടന്ന പൊതുപരിപാടിയിൽ നിന്ന് കിങ് ജോങ് ഉൻ വിട്ടു നിന്നതോടെയാണ് കിം രോഗശയ്യയിൽ ആണെന്ന് എന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഉത്തരകൊറിയൻ കലണ്ടറിലെ പ്രധാനപ്പെട്ട ദിവസത്തെ ചടങ്ങിൽ നിന്നും ആദ്യമായാണ് കിം വിട്ടുനിൽക്കുന്നത്. 

കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്നും സഹോദരി കിം യൊ ജോങ് അധികാരം ഏറ്റെടുക്കുമെന്ന് വാർത്തകളും പുറത്തുവന്നു. എന്നാൽ അമേരിക്കയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള ഉള്ള രാജ്യങ്ങൾ ഈ വാർത്ത തള്ളിക്കളഞ്ഞു. 2014 സെപ്റ്റംബറിൽ 40 ദിവസം കിം അജ്ഞാത വാസത്തിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് വിട്ടുനിൽക്കുകയാണ് എന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്തകൾ.