കോവിഡ്; ആഫ്രിക്കൻ രാജ്യങ്ങളിലും ആശങ്ക; എണ്ണം കൂടുന്നു

ആഫ്രിക്കൻ രാജ്യങ്ങളിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ നിരക്കുയരുന്നു.    കൃത്യമായ നിരീക്ഷണമില്ലാത്തതും രോഗ ബാധിതരെ കണ്ടെത്താനാകാത്തതും സ്ഥിതി വഷളാക്കുകയാണ്. 

ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, ലെബനൻ, ഘാന, നൈജീരിയ, സുഡാൻ എന്നിവിടങ്ങളിലൊക്കെ പടർന്നു പിടിക്കുകയാണ് കോവിഡ്. പല രാജ്യങ്ങളിൽ നിന്നും കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല. ലോക്ക് ഡൗൺ പ്രഖ്യാപനങ്ങളുണ്ടെങ്കിലും ജനങ്ങൾ പാലിക്കുന്നില്ല. ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കുറവാണു. മിക്കവാറും രാജ്യങ്ങളിലൊക്കെ ദാരിദ്ര്യമാണ് എന്നത് സ്ഥിതി വഷളാക്കുന്നു. അന്നന്നത്തെ ഭക്ഷണത്തിനായി മാത്രം ജോലിചെയ്യുന്ന ആളുകളാണ് ഇവിടെ കൂടുതൽ. ഇത് കൊണ്ട് തന്നെ വീടുകളിലിരിക്കാൻ ആളുകൾ തയ്യാറാവുന്നില്ല. 

പലയിടത്തും ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നിടത്താണ് ജനക്കൂട്ടമധികം. ഘാനയിൽ 300ലധികം രോഗികളുണ്ടെന്നാണ് സർക്കാർ കണക്ക്. പക്ഷെ ഇതിനെ മൂന്നു കൊണ്ടോ നാലു കൊണ്ടോ ഗുണിച്ചാൽ കിട്ടുന്ന അത്രയും പേരിലേക്ക് രോഗം പകർന്നു എന്ന് ഘാനയിലെ പ്രവാസികൾ പറയുന്നു. സാമൂഹിക അകലം പാലിക്കുക എന്നതൊന്നും അവർക്ക് പരിചിതമല്ല.ചൈനയിൽ നിന്നുള്ളവർ ധാരാളമുള്ള സ്ഥലമാണ് ഘാന.ഇത് ഭീതി കൂട്ടുന്നുണ്ട്. 

സമൂഹ വ്യാപനത്തിലേക്ക് പോവുകയാണ് പല രാജ്യങ്ങളുമെന്ന് പലയിടത്തുനിന്നുമുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. 47ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പരിശോധന കിറ്റുകൾ നൽകിയിട്ടുണ്ട് എന്ന് who പറയുന്നു. ആദ്യ രോഗബാധിതനിൽ നിന്ന് 16ദിവസം കൊണ്ട് 100പേരിലേക്ക് രോഗം പകർന്നു എങ്കിൽ പിന്നീട് 10 ദിവസംകൊണ്ടാണ് 1000പേരിലേക്ക് രോഗമെത്തിയത് എന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കു. ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്നുള്ള ഈ വ്യാപന നിരക്ക് കോവിഡ് മഹാമാരി അവിടെ പിടിമുറുക്കുന്നതിന്റെ വ്യക്തമായ ചിത്രമാണ് തെളിയിക്കുന്നത്