ആശങ്കയുടെയല്ല ആശ്വാസത്തിന്‍റെ ഓസോൺ ദിനം; കൈക്കോർക്കലിൽ വിജയം

ആശങ്കയുടെയല്ല ആശ്വാസത്തിന്‍റേതാണ് ഇത്തവണത്തെ ലോക ഓസോണ്‍ ദിനം. അന്തരീക്ഷത്തിലെ ഓസോണിന്‍റയളവ് പത്തുവര്‍ഷം കൂടുമ്പോള്‍ ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വര്‍ധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍. സുഖപ്പെടുത്തലിന്‍റെ 32വര്‍ഷങ്ങള്‍ എന്നതാണ് ഈ ഓസോണ്‍ ദിനത്തിന്‍റെ പ്രമേയം

ഓസോണ്‍. സൂര്യന്‍റെ മാരക രശ്മികളില്‍ നിന്ന് ഭൂമിയേയും ജീവനേയും പൊതിഞ്ഞു സംരക്ഷിക്കുന്ന വാതകക്കുട. അരനൂറ്റാണ്ട് മുമ്പ് ഒരു ഞെട്ടലോടെയാണ് ഓസോണ്‍ ശോഷണം ശാസ്തലോകം കണ്ടെത്തിയത്. സൗകര്യങ്ങള്‍ക്കിടയില്‍ വളരാന്‍ മനുഷ്യന്‍ കാട്ടിയ തിടുക്കം തന്നെയായിരുന്നു നിലനില്‍പ്പിനു തന്നെ ഭീഷണിയായ ഓസോണ്‍ ശോഷണത്തിലെത്തിച്ചത്. വ്യവസായ വിപ്ലവകാലം മുതല്‍ ബാധ്യതയായ ഫാക്ടറികളിലെ രാസമാലിന്യം മുതല്‍ റഫ്രിജറേറ്റുകള്‍ പുറന്തള്ളുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍വരെ കാരണങ്ങള്‍ ഒരുപാടുണ്ടായിരുന്നു. അപകടം തിരിച്ചറിഞ്ഞ് ലോകരാജ്യങ്ങള്‍ കൈകൊർത്തു. 

1987സെപ്റ്റംബര്‍ 16ന് ഐക്യരാഷ്ട്ര സംഘടനയിലെ പ്രബലരായ 24 രാജ്യങ്ങള്‍ ചേര്‍ന്ന് അന്ന് ഒപ്പുവച്ച മോണ്‍ട്രിയോള്‍ പ്രോട്ടോക്കോള്‍ ഓസോണ്‍ സംരക്ഷണ യജ്ഞത്തിന്റെ നട്ടെല്ലായി. ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനായിരുന്നു ധാരണ. അപകടമുനമ്പില്‍ രൂപമെടുത്ത ആ കൂട്ടായ്മയുടെ ഇടപെടലില്‍ ഓസോണിലെ ദ്വാരങ്ങള്‍ ചുരുങ്ങുന്നു എന്ന ശുഭവാര്‍ത്ത ഏറെ ആഹ്ലാദകരമാണ്. ഈ കരുതല്‍ തുടര്‍ന്നാല്‍ 2060തോടെ ഓസോണ്‍ പൂര്‍ണമായും പുനസ്ഥാപിക്കപ്പെടും എന്നാണ് ഗവേഷകരുടെ നിഗമനം. അതിനു കഴിഞ്ഞാല്‍ വിനാശംവിതച്ച മഹായുദ്ധങ്ങളുടെ കളങ്കങ്ങള്‍ പോലും മായ്ച്ചുകളയുന്ന മനുഷ്യത്വത്തിന്റെ വിജയമാകും അത്.