ശ്രീലങ്കൻ സ്ഫോടനം: ചാവേറുകളുടെ ചിത്രങ്ങൾ പുറത്ത്; ഐഎസ് ബന്ധം?

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്നു സംശയിക്കപ്പെടുന്ന ചാവേറുകളുടെ ചിത്രങ്ങൾ പുറത്ത്. ഐഎസ് ബന്ധമുള്ള ടെലഗ്രാം ചാനലുകളിൽ നിന്നാണ് ചിത്രങ്ങൾ പുറത്തുവന്നത്. ചിത്രത്തിൽ കാണുന്ന ചാവേറുകളുടെ പിറകിൽ ഐഎസ് പതാകയും കോഡും കാണാം. ഇത് കൃത്രിമമായി നിർമിച്ചതാണോ എന്നും തെറ്റിദ്ധാരണ പരത്താൻ ബോധപൂർവം സൃഷ്ടിച്ചതാണോ എന്നും സംശയമുയർന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ പുറത്തു വന്നതു കൊണ്ട് ഐഎസിന് സംഭവവുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്ന് വിദഗ്ധർ പറയുന്നു. 

ചിത്രത്തിൽ ഒരാളുടെ മുഖം മാത്രമാണ് വ്യക്തമായി കാണുന്നത്.  മറ്റ് രണ്ടുപേരും മുഖം ഭാഗികമായി മറച്ചുപിടിച്ചിരിക്കുകയാണ്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടനയെന്ന് ശ്രീലങ്കൻ സർക്കാർ ആദ്യം മുതലേ സംശയിച്ചിരുന്ന നാഷണൽ തൗഹീത് ജമാഅത് എന്ന സംഘടനയും ചിത്രത്തിൽ കാണുന്നവരുമായുള്ള ബന്ധവും അന്വേഷിച്ചുവരികയാണ്. ആഭ്യന്തര തീവ്ര ഇസ്ലാമിക് ഗ്രരൂപുകളാണ് സ്ഫോടനം നടത്തിയതെന്ന് ചില കണ്ടെത്തലുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയുടെ പിന്തുണയില്ലാതെ ഇത്രയും വലിയ സ്ഫോടന പരമ്പര നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. 

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പിന് ശ്രീലങ്കയിൽ ഐഎസ് പകരം വീട്ടിയതാണോ എന്നും സംശയിക്കുന്നുണ്ട്. സ്ഫോടനം സംബന്ധിച്ച് ഇതുവരെ ഐഎസ് പ്രതികരിച്ചിട്ടില്ല. 

ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.