പല്ലിലെ കറുപ്പ് മാറാൻ ഔഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം

ഒൗഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. പല്ലിലെ കറുത്തപാടുകൾ മായ്ക്കാനുള്ള പേസ്റ്റ് ഉപയോഗിച്ച പെൺകുട്ടിയാണ് മരിച്ചത്. അമേരിക്കയിലെ വെസ്റ്റ് കോവനിലാണ് സംഭവം. ദന്തഡോക്ടർ നിർദേശിച്ച ടൂത്ത്പേസ്റ്റാണ് ഡെനീസ് സാൽദേത്ത് എന്ന ആറാം ക്ലാസുകാരി ഉപയോഗിച്ചത്.

അമ്മയ്ക്കൊപ്പമാണ് ഇവർ ഡോക്ടറെ കാണാനെത്തിയത്. പല്ലിലെ പാട് പോകാൻ പാലിന്റെ പ്രോട്ടീൻ അടങ്ങിയ പേസ്റ്റ് തേച്ചാൽ മതിയെന്ന് ഡോക്ടർ നിർദേശിച്ചു. എംഐ പേസ്റ്റ് വൺ എന്ന ഉൽപ്പന്നവും കുറിച്ചുകൊടുത്തു. ഡെനീസിന് ആസ്തമ രോഗമുള്ളതിനാൽ എന്ത് പദാർഥവും ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ഏറെ കരുതൽ നൽകാറുണ്ടായിരുന്നു.

എന്നാൽ പേസ്റ്റിന്റെ കാര്യത്തിൽ അവർ അത്ര ഗൗരവമായി എടുത്തില്ല. ഡോക്ടറുടെ നിർദേശമുള്ളത് കൊണ്ട് പേസ്റ്റിലെ മൂലകങ്ങൾ പരിശോധിക്കാനും പോയില്ല. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പെൺകുട്ടി ടൂത്ത്പേസ്റ്റ് ഉപയോഗിച്ചത്. ഉപയോഗിച്ച ഉടൻ പെൺകുട്ടിയുടെ ചുണ്ടും കണ്ണും നീല നിറത്തിലായി ശ്വാസം മുട്ടൽ ആരംഭിച്ചു. അമ്മ ഉടൻ തന്നെ വൈദ്യസഹായത്തിന് ആവശ്യപ്പെട്ടു. പക്ഷെ അതിവേഗം ആശുപത്രിയിൽ എത്തിച്ചിട്ടും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.