യുവതി ഐഎസ്.ഐഎസ് വധുവെന്ന് തെളിഞ്ഞു; ഫോണില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ജർമൻ പരിഭാഷകയും ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമായ യുവതി ഐസ്ഐസ് വധുവാണെന്ന് തെളിഞ്ഞു. യാദൃശ്ചികമായിട്ടാണ് ഇവരുടെ ഇരട്ട ജീവിതം ലോകത്തിന് മുന്നിൽ വെളിവാകുന്നത്. വടക്കൻ ജർമനിയിലെ ഹാംബർഗിൽ പശ്ചാത്യജീവിതം പിന്തുടർന്ന യുവതിയുടെ ഫോൺ കളഞ്ഞുപോയിരുന്നു. കളഞ്ഞുപോയ ഫോണാണ് ഇവരുടെ യഥാർഥ വ്യക്തിത്വം പുറത്ത് എത്തിച്ചത്.

ഇവരുടെ ഫോൺ ഒരു അറബ് മാധ്യമപ്രവർത്തകന്റെ കയ്യിലാണ് ലഭിച്ചത്. ഫോൺ പരിശോധിച്ച മാധ്യമപ്രവർത്തകൻ കണ്ടത് ഞെട്ടലുളവാക്കുന്ന കാഴ്ചകളാണ്. ഐസിസ് പ്രവര്‍ത്തകരായ രണ്ട് ഭർത്താക്കന്മാർ ഇവർക്കുണ്ട്. രണ്ടുപേർക്കുമൊപ്പമുള്ള ചിത്രം ഫോണിൽ സൂക്ഷിച്ചിരുന്നു. കുട്ടികൾ തോക്കുകൊണ്ടും ആയുധങ്ങളും കൊണ്ട് കളിക്കുന്ന ചിത്രങ്ങളും ഫോണിൽ നിന്നും കണ്ടെത്തി. മൂന്ന് കുട്ടികളുണ്ട് ഇവർക്ക്. പതിനെട്ടാമത്തെ വയസിലാണ് ഐസ്ഐഎസിനോട് താൽപര്യം തോന്നി ഇവർ നാടുവിടുന്നത്. ഇവർക്ക് 34 വയസുണ്ട്.

9/11 ദുരന്തത്തിനിടെ ബിൻലാദന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും പരിശോധനയിൽ കണ്ടെത്തി. ഇവർ ബ്രിട്ടൻ സ്വദേശിയാണെന്നാണ് അറിവ്. സിറിയയിൽ നിന്നും തിരിച്ചെത്തിയ ശേഷം ജർമനിയിൽ ഇവരുടെ യഥാർഥ മുഖം മറച്ചുവെച്ച് ജീവിച്ചുവരികയായിരുന്നു.