ന്യൂസീലൻഡ് ഭീകരാക്രമണം; വെടിവയ്പിന് തൊട്ടുമുൻപ് പ്രധാനമന്ത്രിക്ക് സന്ദേശമയച്ച് ഭീകരൻ; നടുക്കം

ലോകരാജ്യങ്ങൾ ഒന്നടങ്കം ഒപ്പം നിൽക്കുകയാണ് ന്യൂസീലൻഡിനൊപ്പം. ഭീകരാക്രമണത്തിന് ശേഷം പുറത്തുവരുന്ന വിവരങ്ങൾ അമ്പരപ്പിക്കുകയാണ്. ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മസ്ജിദുകളിൽ വെടിവയ്പ് നടത്തുന്നതിനു ഒൻപത് മിനിറ്റ് മുൻപ് ബ്രന്റൻ ടറാന്റ് സ്വന്തം തീവ്രനിലപാടുകൾ വിശദീകരിച്ചുള്ള നയരേഖ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ഉൾപ്പെടെ 30 പേർക്ക് ഇ മെയിൽ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 74 പേജുള്ള രേഖയിൽ എവിടെയാകും ആക്രമണം നടത്തുകയെന്ന സൂചനയുണ്ടായിരുന്നില്ല.

ഓസ്ട്രേലിയക്കാരനായ അക്രമിയുടെ സന്ദേശം തനിക്ക് ലഭിച്ച കാര്യം പ്രധാനമന്ത്രി ആർഡേൻ തന്നെയാണു വെളിപ്പെടുത്തിയത്. ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും സന്ദേശം ലഭിച്ച് 2 മിനിറ്റിനുള്ളിൽ പൊലീസിനു ജാഗ്രതാ മുന്നറിയിപ്പു നൽകി, സുരക്ഷാ നടപടികൾക്കും നിർദേശം നൽകി. ഏതാണ്ട് അപ്പോഴേക്കും ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദിൽ വെടിവയ്പു നടക്കുന്നെന്ന വിവരവുമായി ഫോൺ വിളികളെത്തി. 36 മിനിറ്റുള്ളിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം ന്യൂസീലൻഡിലെ മസ്ജിദ് വെടിവയ്പിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യുന്ന നടപടികളുമായി ഫെയ്സ്ബുക്. ഭീകരൻ ബ്രന്റൻ ടറാന്റ് ലൈവ് ആയി കാണിച്ച ദൃശ്യങ്ങൾ പലരും പങ്കിട്ട് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾക്കു ലഭിച്ചിരുന്നു. ഇത്തരം 15 ലക്ഷം വിഡിയോകൾ ആദ്യ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തെന്ന് ഫെയ്സ്ബുക് അറിയിച്ചു.