കാണ്ഡഹാർ വിമാനറാഞ്ചൽ: മസൂദിന്റെ അനുജന്റെ ആസൂത്രണം 24–ാം വയസിൽ: അക്കഥ

മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹർ, മസൂദ് അസ്ഹർ എന്ന കൊടുംഭീകരന്റെ സഹോദരൻ. ഇന്ത്യയുടെ കൊടും ഭീകരരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ച ഈ ഭീകരൻ കാണ്ഡഹാര്‍ വിമാന റാഞ്ചലോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ജമ്മു കശ്മീരിലെത്തി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കം നടത്തുന്നതിനിടെയാണ് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ അറസ്റ്റിലാകുന്നത്. 

മസൂദ് 1999ൽ ഇന്ത്യൻ ജയിലിൽനിന്നു മോചിതനായശേഷമാണു ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ ആയിരുന്നു. കശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്ഷെ മുഹമ്മദ് നടത്തിയത്.ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി എത്തിയ മസൂദ് അസ്ഹർ, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽനിന്ന് 1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. ജയിലിൽ 10 മാസം പിന്നിട്ടപ്പോൾ, മസൂദിന്റെ അനുയായി ഒമർ ഷെയ്ഖ് ഡൽഹിയിൽ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു.

മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡു–ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്‌വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

ഈ വിമാന റാഞ്ചാൽ പ്ലാൻ ചെയ്യുമ്പോൾ വെറും 24 വയസ് മാത്രമായിരുന്നു മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറിന്റെ പ്രായം. വിമാനം റാഞ്ചലോടെ ഇന്ത്യയുടെ കൊടും ഭീകരരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ അബ്ദുള്‍ റൗഫ് അസ്ഹര്‍ ഇടംപിടിച്ചു. ഇന്ത്യയിൽ ജെയ്ഷെ മുഹ്മ്മദ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ പല ഭീകരാക്രമണങ്ങളുടെയും  പിന്നിൽ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറായിരുന്നു.ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണങ്ങളെല്ലാം   മസൂദ് അസ്ഹറിന്റെ ആശീർവാദത്തോടയും നിർദ്ദേശത്തോടെയും അബ്ദുള്‍ റൗഫ് അസ്ഹർ ആണ് നടപ്പാക്കിയത്. 

മസൂദ് അസ്ഹിന്റെ അഭാവങ്ങളില്‍ ജെയ്‌ഷെയുടെ എല്ലാ തീരുമാനങ്ങളും നടപ്പാക്കുന്നത് ഇയാളാണെന്നാണ് ഇന്റലിജന്‍സ് വിവരം. മസൂദ് അസ്ഹര്‍ പാക്കിസ്താന്റെ കരുതല്‍ തടങ്കലിലായ സമയത്ത് അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ യാത്ര ചെയ്ത് താലിബാനുമായി കൂടിക്കാഴ്ച നടത്തുകയും പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തത് ഇയാളാണെന്നാണ് ഒടുവിൽ പുറത്തു വരുന്ന സൂചന.

മസൂദ് അസഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; കടുപ്പിച്ച് ഇന്ത്യ

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. 15 അംഗ യുഎൻ രക്ഷാസമിതിയിൽ ഇതുസംബന്ധിച്ച പുതിയ പ്രമേയം കൊണ്ടുവരും. മുൻകാലങ്ങളിൽ 3 തവണ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അധികാരമുള്ള ചൈന ഇടപെട്ട് അതു തള്ളിക്കളയുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യുഎസും ബ്രിട്ടനും ഫ്രാൻസും കഴിഞ്ഞയാഴ്ച പ്രമേയം കൊണ്ടുവന്നിരുന്നു. ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ മസൂദ് അസ്ഹറിന് രാജ്യാന്തര തലത്തിൽ യാത്രാ വിലക്ക് ഉണ്ടാകും. സ്വത്തുക്കൾ മരവിപ്പിക്കും ആയുധങ്ങൾ കൈവശം വയ്ക്കാനാകില്ല. ഇങ്ങനെയൊരു നീക്കം നടന്നാൽ അതു പാക്കിസ്ഥാന് ശക്തമായ അടിയാകും. സ്വന്തം രാജ്യത്ത് സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ അവർക്കാകില്ല. 

അസ്ഹറിനെ ആഗോള ഭീകരനാക്കി മുദ്രകുത്തുന്ന നിർദേശം കഴിഞ്ഞ 10 വർഷത്തിനിടെ ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തുന്നത് ഇതു നാലാം തവണയാണ്. 2009ൽ ഇന്ത്യ ഈ നിർദേശവുമായി എത്തിയിരുന്നു. 2016ൽ പി–3 രാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാൻസ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യ വീണ്ടും ഈ നിർദേശം വച്ചു. പഠാൻകോട്ട് ആക്രമണത്തിനു പിന്നാലെയാണിത്. 2017ലും പി–3 രാജ്യങ്ങളുടെ പിന്തുണയോടെ നിർദേശം കൊണ്ടുവന്നു. എന്നാൽ എല്ലാത്തവണയും വീറ്റോ അധികാരമുള്ള ചൈന ഈ നിർദേശത്തെ തള്ളുകയായിരുന്നു. പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് രക്ഷാസമിതി പ്രസ്താവനയിറക്കിയിരുന്നു. ഈ പ്രസ്താവനയെ ചൈനയ്ക്കും പിന്തുണയ്ക്കേണ്ടി വന്നു.

ഇന്ത്യയിലെ പ്രധാന ആക്രമണങ്ങൾ: 2001 ഒക്ടോബർ 1– ശ്രീനഗർ, പഴയ സെക്രട്ടേറിയറ്റ് മന്ദിരം ചാവേറാക്രമണം, 2001 ഡിസംബർ 13–പാർലമെന്റ് ആക്രമണം, 2016 ജനുവരി 2–5 –പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമണം, 2016 നവംബർ 29 –ജമ്മു നഗ്രോത കരസേന ക്യാംപ് ആക്രമണം, 2016 സെപ്റ്റംബർ 18 –ഉറി കരസേനാ ക്യാംപ് ആക്രമണം,2019 ഫെബ്രുവരി 14 –പുൽവാമ ചാവേർ സ്ഫോടനം.