പലിശ നിരക്ക് ഉയർത്തി ഫെഡറല്‍ റിസര്‍വ്; ഇനിയും ഉയര്‍ത്തിയേക്കുമെന്ന് ചെയര്‍മാന്‍

പലിശ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്. ഇക്കൊല്ലം ഇത് മൂന്നാംതവണയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ വര്‍ധിപ്പിക്കുന്നത്. ഒരുതവണ കൂടി പലിശ ഉയര്‍ത്തിയേക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സൂചിപ്പിച്ചു. 

അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്കുകള്‍ക്കുനല്‍കുന്ന വായ്പയുടെ പലിശ രണ്ട് ശതമാനത്തില്‍ നിന്ന് രണ്ടേകാല്‍ ശതമാനമായാണ് ഉയര്‍ത്തിയത്. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലം പലിശ കൂട്ടാന്‍  ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റി നിര്‍ബന്ധിതമാകുകയായിരുന്നെന്ന് കേന്ദ്ര ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തൊഴില്‍ മേഖല ശക്തിപ്രാപിക്കുകയും സാമ്പത്തിക ഇടപാടുകള്‍ ശക്തമായ നിലയില്‍ മുന്നേറുകയും ചെയ്യുകയാണെന്ന് കമ്മിറ്റി വിലയിരുത്തി. ഭക്ഷണപദാര്‍ഥങ്ങള്‍, ഊര്‍ജം എന്നിവയൊഴിച്ചുള്ള വസ്തുക്കളുടെ നാണ്യപ്പെരുപ്പം ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചിരുന്ന രണ്ട് ശതമാനത്തിനടുത്തെത്തി.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ നേരത്തെ പ്രതീക്ഷിച്ചിരുന്ന 2.8 ശതമാനത്തേക്കാള്‍ 3.1 ശതമാനമായി വളരുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇവയെല്ലാം കണിശമായ വായ്പനയം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ അഭിപ്രായപ്പെട്ടു. അടുത്ത ഡിസംബറില്‍ പലിശയില്‍ വീണ്ടുമൊരു വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.