എൽനിനോ വീണ്ടും; കൊടും വരള്‍ച്ചയിലേക്കെന്ന് ശാസ്ത്രലോകം; മുന്നറിയിപ്പ്

മഴ വന്‍നാശം വിതച്ച കേരളത്തില്‍ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. കൂടാതെ ഇന്ത്യയില്‍ ഇക്കുറി ആകെ ലഭിച്ച മഴയില്‍ ഏതാണ്ട് 30 ശതമാനം കുറവുണ്ടെന്നാണു കണക്കാക്കുന്നത്. എന്നാല്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ എല്‍ നിനോ എന്ന പ്രതിഭാസം എത്തുമെന്നാണ് പ്രവചനം. ഇതോടെ വരള്‍ച്ച രൂക്ഷമാവുകയും കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കേണ്ട തുലാവര്‍ഷത്തിന്റെ ലഭ്യതയെ ഇതു സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് സൂചന. 

അടുത്ത മൂന്നു മാസത്തിനകം എല്‍നിനോ പ്രതിഭാസം ഉണ്ടാകുമെന്ന് ലോക കാലാവസ്ഥാപഠന കേന്ദ്രത്തിന്റെ പ്രവചനം. ശാന്തസമുദ്രത്തിലെ രണ്ടു പ്രതിഭാസങ്ങളാണ് ലാ നിനായും എല്‍ നിനോയും. സമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട ഇവ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ തകിടം മറിക്കും.

ശാന്തസമുദ്രത്തിലെ താപനില ക്രമാതീതമായി കുറയുന്ന പ്രതിഭാസമായ ലാ നിനായിലൂടെയാണ് ഈ വര്‍ഷം ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ ഇതു കാരണമായി. ഇതിന്റെ ഫലമായി തന്നെയാണ് ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഭേദപ്പെട്ട മഴ ലഭിച്ചതും. 

ഇപ്പോഴത്തെ മഴക്കുറവിനും ചൂടിനും എല്‍ നിനോയുമായി ബന്ധമില്ല. എന്നാൽ ഈ വര്‍ഷം അവസാനത്തോടെ എല്‍ നിനോ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. അതായത് വടക്കുകിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴയ്ക്ക് എല്‍ നിനോ വെല്ലുവിളിയായേക്കും. ഇതാകട്ടെ ഇപ്പോള്‍ തന്നെ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും. ഇതിന് 70 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

വന്‍ നാശനഷ്ടം വിതച്ച പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്കാണ് സംസ്ഥാനം പോയി കൊണ്ടിരിക്കുന്നത് എന്ന സൂചനകള്‍ മണ്ണിരകളും ഇരുതല മൂരികളും ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ ശാസ്ത്രലോകം ആശങ്കപ്പെട്ടിരുന്നു. ഈ ആശങ്ക ശരിയാണെന്ന് തന്നെയാണ് എല്‍നിനോ എന്ന പ്രതിഭാസം ഉണ്ടാകുമെന്ന പ്രവചനത്തിലൂടെ ലോക കാലാവസ്ഥപഠന കേന്ദ്രവും പറയുന്നത്.