കോപ്27ല്‍ പങ്കെടുക്കാന്‍ പത്തനംതിട്ടക്കാരി; സ്വപ്നനേട്ടം വന്ന വഴി പറഞ്ഞ് എലിസബത്ത്

ജോ ബൈഡനുള്‍പ്പടെ ലോകനേതാക്കള്‍ പങ്കെടുക്കുന്ന കോപ്27 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്തിലേക്ക് പോകുകയാണ് പത്തനംതിട്ടക്കാരി എലിസബത്ത് ഈപ്പന്‍. യങ് സ്കോളര്‍ അവാര്‍ഡിലൂടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും അവസരം നേടിയ നാലുപേരില്‍ ഒരാളാണ് എലിസബത്ത്. തിരുവനന്തപുരത്തുകാരിയായ സുഹാനയുള്‍പ്പടെ രണ്ട് മലയാളികള്‍ക്കാണ് അവസരം ലഭിച്ചത്. ഈജിപ്തിലെ ഷറം അൽ ശൈഖിൽ നവംബര്‍ 6 മുതല്‍ 18 വരെയാണ് കോപ്27 നടക്കുന്നത്. 'കോപ് ഓഫ് ഇംപ്ലിമെന്റേഷൻ' എന്നതാണ് ഉച്ചകോടിയുടെ ആശയം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രേംവര്‍ക്ക് കൺവെൻഷന്‍ പാർട്ടികളുടെ (COP27) 27-ാമത് സമ്മേളനമാണ് നടക്കുന്നത്. വാതക ഉദ്വമനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തിന് രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതിനും നേരിടുന്നതിനും സഹായിക്കാനും, ഇക്കാര്യങ്ങള്‍ക്കായി വികസ്വര രാജ്യങ്ങൾക്ക് സാങ്കേതിക പിന്തുണയും ധനസഹായവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് എലിസബത്ത് മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു

എലിസബത്തിന്‍റെ വാക്കുകള്‍: ‘യങ് സ്കോളര്‍ അവാര്‍ഡിലൂടെയാണ് എനിക്ക് കോപ്27 പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. മനോരമ പത്രത്തില്‍ ന്യൂസ് കണ്ട് അമ്മയാണ് എനിക്കത് അയച്ചു തന്നത്. താല്പര്യമുള്ളതിനാല്‍ ഉടന്‍ തന്നെ അപ്ലൈ ചെയ്യുകയായിരുന്നു. 18 മുതല്‍ 25 വയസ് വരെയായിരുന്നു പ്രായപരിധി. ഒരു ഗൂഗിള്‍ ഫോമില്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതായിരുന്നു ആദ്യ കടമ്പ. ഒന്ന്, ഇതുവരെ ചെയ്തിട്ടുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട വര്‍ക്കുകളെ പറ്റിയായിരുന്നു. രണ്ട്, കോപിന് പോകാന്‍ അവസരം ലഭിച്ചാല്‍ എന്താകും ചെയ്യുക എന്നത്. മൂന്ന്, ഇന്ത്യ ഇതുവരെ പരിസ്ഥിതി സംബന്ധമായി ‌ചെയ്ത കാര്യങ്ങള്‍. 

പിന്നീട് ഓണ്‍ലൈനായി ഇന്‍റര്‍വ്യു ഉണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കകം തന്നെ റിസള്‍ട്ട് വന്നു. 400ഓളം മത്സരാര്‍ഥികളില്‍ നിന്നാണ് 4 പേരെ തിരഞ്ഞെടുത്തത്. വിവിധ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ കാണാനും കോപ് 27 നോട് അനുബന്ധിച്ച് നടത്തുന്ന മറ്റ് പരിപാടികളില്‍ പങ്കെടുക്കാനും സംസാരിക്കാനും അവസരമുണ്ടാകും. ഓരോ ദിവസവും ഓരോ തീം ഉണ്ടാകും. അതിനനുസരിച്ചാകും പരിപാടികള്‍ നടക്കുക. നമുക്ക് താല്‍പര്യമുള്ള ഇവന്‍റില്‍ പാര്‍ടിസിപ്പേറ്റ് ചെയ്യാം. എന്‍റെ ആദ്യ ഇന്‍റര്‍നാഷണല്‍ ട്രിപ്പ് ആണ്. ബാക്കി മൂന്നു പേരുമായി സംസാരിക്കാറുണ്ട്. ഇന്ന് ബോംബെയ്ക്ക് തിരിക്കും. ശനിയാഴ്ച ബോംബെയില്‍ നിന്നാണ് ഈജിപ്തിലേക്ക് ഫ്ലൈറ്റ്. 

കോപ്27 ല്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കാണുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ഒരുപാട് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. യുജി ചെയ്തത് ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സിലാണ്. അവിടെ എന്‍വയോണ്‍മെന്‍റ് സൊസൈറ്റിയുടെ മെംബറായിരുന്നതിനാല്‍ എര്‍ത്ത് അവറൊക്കെ നടത്തിയിരുന്നു. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഹെഡ് ആയതിനാല്‍ മൃഗംസംരക്ഷണത്തിനായി വെറ്റിനറി ഡോക്ടേഴ്സുമായി കണക്ട് ചെയ്തു. അതുപോലെ, ഹോസ്റ്റലില്‍ വേസ്റ്റ് സെഗ്രിഗേഷന്‍ ഇല്ലായിരുന്നതിനാല്‍ അതിന് പ്രത്യേകം നിയമം കൊണ്ടുവന്നു. കോളജിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ കൊണ്ടുവന്നു. ഞാനും എന്‍റെ അമ്മയും ചേര്‍ന്ന് അടുത്തിടെ പേപ്പര്‍ ബാഗ് എന്‍റര്‍പ്രൈസ് തുടങ്ങിയിരുന്നു. ഇനി അവസരം കിട്ടിയാല്‍ ഞാന്‍ കൂടുതലായും പരിശ്രമിക്കുന്നത് പരിസ്ഥിതിയെ പ്ലാസ്റ്റിക് വിമുക്തമാക്കാനാകും. അതാണ് എന്‍റെ വിഷന്‍. ഒരോ പഞ്ചായത്തിലും സര്‍വേ നടത്തി അവിടുന്ന എത്രത്തോളം പ്ലാസ്റ്റിക് കണ്‍വെന്‍ഷന്‍ വരുന്നുണ്ടെന്ന് നോക്കി അ‍‍ഡ്മിനിസ്ട്രേഷനുമായി ടൈ അപ് ചെയ്ത് പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പര്‍ ബാഗ്സ് ഇംപ്ലിമെന്‍റ് ചെയ്യും. അതുവഴി, പേപ്പര്‍ ബാഗ് ഉണ്ടാക്കുന്ന ഒരുപാട് സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാകും.